Sunday, February 20, 2011

രക്തദാനം


പ്രീഡിഗ്രീ കാലഘട്ടം.
മറ്റേതൊരു പ്രീഡിഗ്രീക്കാരനെയും പോലെ, ഞാനും ബുക്കും ചുരുട്ടി പോക്കറ്റില്‍ വെച്ച് അന്ന് കോളേജ് ജംഗ്ഷനില്‍ ബസ്സിറങ്ങി.

ചുറ്റുപാടും ഒന്ന് കണ്ണോടിച്ച്, പതുക്കെ കോളേജിലേക്ക് നടക്കുന്നതിനിടയില്‍ ഡിഗ്രി ഫൈനല്‍ ഇയറിന് പഠിക്കുന്ന ഒരാജാനുബാഹു ബൈക്കില്‍ പാഞ്ഞു വന്ന് എന്നെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ ചവിട്ടി നിര്‍ത്തിയിട്ട് ചോദിച്ചു "ഏതാ ഗ്രൂപ്പ്‌ ?"

ഞാന്‍: "ഫസ്റ്റ് ഗ്രൂപ്പ്‌"
ഉത്തരം കേട്ട് അവന്‍റെ മുഖത്തൊരു ഞെട്ടല്‍, ഒപ്പം "അങ്ങനെയും ഒരു ബ്ലഡ്‌ ഗ്രൂപ്പ്‌ ഉണ്ടോ?" എന്നൊരു ചോദ്യവും.

പ്രായം ബുദ്ധിക്കൊരു മാനദണ്ഢ‌‍‌മല്ല എന്ന പ്രപഞ്ചസത്യം മനസ്സിലാക്കി ഞാന്‍ പറഞ്ഞു "O+ve ആണ് ബ്ലഡ്‌ ഗ്രൂപ്പ്‌"

ആജാനു തുടര്‍ന്നു "ഒന്ന് പെട്ടന്ന് വരാമോ? എന്‍റെ അപ്പൂപ്പന്‍ സീരിയസ് ആയി ആശുപത്രിയില്‍ കിടക്കുവാണ്, അത്യാവശ്യമായിട്ട് കുറച്ച് O+ve ബ്ലഡ്‌ വേണം"

കൃശഗാത്രനായ ഞാന്‍ രക്തദാനം നടത്തിയാലുള്ള ഭവിഷ്യത്തുകളെപ്പറ്റി ആശങ്കാകുലനായപ്പോള്‍, എന്‍റെ ഉള്ളിലിരുന്ന് ആരോ "പോടാ പോ ‌... വീട്ടുകാര്‍ക്കോ ഉപകാരമില്ല. നാട്ടുകാര്‍ക്കെങ്കിലും ഉപകാരമുണ്ടാകട്ടെ" എന്നു മന്ത്രിച്ച് എന്നെ മുന്നോട്ട് നയിച്ചു.
ഞാന്‍ ബൈക്കില്‍ കയറി.

അവന്‍ എന്നേം വെച്ച് ഏഴു കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് ചീറിപ്പാഞ്ഞു.

അവന്‍റെ വണ്ടിയോടിക്കല്‍ കണ്ടപ്പോള്‍ "പുറകിലില്‍ ഇരിക്കുന്നവനെ ഏതെങ്കിലും പാണ്ടിലോറിക്കോ ബസിനോ നരബലി നല്‍കിക്കോളാമേ" എന്നവന്‍ നേര്‍ച്ചയെടുത്ത പോലെ തോന്നി. ഒടുക്കത്തെ ഓടീര്.

ബൈക്കില്‍ അള്ളിപ്പിടിച്ചിരുന്ന് കൊണ്ട് ഞാന്‍ ചോദിച്ചു "ചേട്ടന്‍റെ ബ്ലഡ്‌ ഗ്രൂപ്പ്‌ ഏതാ?"
ആജാനു മറുപടി പറഞ്ഞു "O+ve."

ഇടിച്ചു പിഴിഞ്ഞാല്‍ അമ്പത് കുപ്പി നെയ്യും മൂന്നു തലമുറക്കുള്ള ചോരയും ഒരാഴ്ച ചന്തയില്‍ വില്‍ക്കാനുള്ള ഇറച്ചിയും സ്വന്തം ശരീരത്തില്‍ തന്നെയുള്ളവന്‍ കുടുംബത്ത് ഒരത്യാവശം വന്നപ്പോള്‍ പുറത്തൂന്ന് ബ്ലഡ്‌ എടുക്കുന്നു......ബ്ലഡി ഫൂള്‍.

"നിന്റപ്പൂപ്പന് ചോര വേണേല്‍ നീ കൊടടാ" എന്ന് അലറാന്‍ തയ്യാറെടുത്തെങ്കിലും അലറിയില്ല.
ഉള്ള ചോര അവന്‍റെ ഇടി കൊണ്ട് റോഡില്‍ തുപ്പുന്നതിലും നല്ലതല്ലേ വല്ല ആശുപത്രിയിലും കൊടുക്കുന്നത്..!
മാത്രമല്ല, രക്തദാനത്തിന് ശേഷം ക്ഷീണം മാറ്റാന്‍ ക്രീംബിസ്കറ്റും ലഡ്ഡുവും ഒക്കെ തരുമെന്ന കേട്ടറിവും എന്നെ മാനസികമായി രക്തദാനത്തിന് തയ്യാറാക്കി.

വൈദ്യശാസ്ത്രം ഇതുവരെ ചികിത്സ കണ്ടുപിടിച്ചിട്ടില്ലാത്ത "ലഡ്ഡുമാനിയ" എന്ന മാറാരോഗത്തിനടിമയാണ് ഞാന്‍. അന്നും..... ഇന്നും.

അങ്ങനെ പലപല ചിന്തകളുമായി ഞാന്‍ യാത്ര തുടര്‍ന്നു.

വഴിയില്‍ വെച്ച് ഒരു പാണ്ടിലോറിയുടെ അടിഭാഗം കാണാനുള്ള എല്ലാ ചാന്‍സും ഒത്തെങ്കിലും ലോറിഡ്രൈവര്‍ ബ്രേക്ക്‌ ചവിട്ടിയത് കൊണ്ട് ഒന്നും സംഭവിച്ചില്ല.
ഡ്രൈവര്‍ തല വെളിയിലേക്കിട്ട് പരിശുദ്ധമായ ക്ലാസ്സിക്‌ തമിഴില്‍ ആജാനുവിന്‍റെ കുടുംബത്തില്‍ ഇപ്പൊ ജീവിച്ചിരിക്കുന്നവരേയും മരിച്ചവരേയും ഇനി ജനിക്കാന്‍  പോകുന്നവരേയും, ആര്‍ക്കും ഒരു കുറവും തോന്നാത്ത രീതിയില്‍ തെറി കൊണ്ട് മൂടി.

ചൂട് ചെവിയും തൂത്തുകൊണ്ട് ഞങ്ങള്‍ ആശുപത്രിയിലെത്തി.

ആജാനു എന്നെ അപ്പൂപ്പന് പരിചയപ്പെടുത്തിയിട്ട് രക്തമൂറ്റാന്‍ രണ്ട് നേഴ്സുമാരെ ഏല്‍പ്പിച്ചു.

ഒരു നേഴ്സ് എന്നെ അടിമുടി നോക്കിയിട്ട് കൂടെയുള്ള കിളുന്ത് നേഴ്സിനോട് എന്തോ പറഞ്ഞു.
"ഈ ഞാഞ്ഞൂലിന്‍റെ ചോരയെടുത്താല്‍ ഭാവിയില്‍ കോടതി കേറേണ്ടി വരുമോ" എന്നോ മറ്റോ ആയിരിക്കും.

കിളുന്ത് നേഴ്സ് വന്ന് എന്‍റെ കയ്യിലെ ഞരമ്പ്‌ തപ്പിയെടുത്ത് സിറിഞ്ച് ഞരമ്പില്‍ വെച്ചു. ഞാന്‍ കണ്ണടച്ചു.

സിറിഞ്ച് കുത്തിയിറക്കും മുന്‍പ് നേഴ്സ്: പേടിയുണ്ടോ?
ഞാന്‍: ചെറുതായിട്ട്.
നേഴ്സ്: മുന്‍പ് രക്തം കൊടുത്തിട്ടുണ്ടോ ?
ഞാന്‍: ഇല്ല.
നേഴ്സ്: പഠിക്കുവാണോ?
ഞാന്‍: അതെ.
നേഴ്സ്: എന്ത് പഠിക്കുന്നു?
ഞാന്‍: പ്രീഡിഗ്രീ.
നേഴ്സ്: പ്രീഡിഗ്രീയോ?
ഞാന്‍: അതെ.
നേഴ്സ്: അപ്പൊ വയസ്സെത്രയായി?
ഞാന്‍: പതിനാറ്.

നേഴ്സ് സിറിഞ്ച് തിരിച്ചെടുത്തു. ഞാന്‍ കണ്ണ് തുറന്നു.
നേഴ്സ്: രക്തദാനം നടത്താന്‍ കുറഞ്ഞത് പതിനെട്ട് വയസ്സെങ്കിലും വേണം.


കൊച്ചുവെളുപ്പാന്‍കാലത്ത് ഇതിനാണോ ഇവിടെ വരെ കെട്ടിയെഴുന്നള്ളിയത് എന്നാലോചിച്ച് ഒരു നിമിഷം ഞാനിരുന്നു.

എഴുന്നേറ്റ് പോകുന്നില്ല എന്ന് കണ്ടപ്പോള്‍ ആ പീക്കിരിപ്പെണ്ണ്‍ ഒരന്യപുരുഷനായ എന്‍റെ മുഖത്ത് നോക്കി പറയാന്‍ പാടില്ലാത്ത ഒരു ഡയലോഗടിച്ചു "തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല."

എന്‍റെ പൗരുഷത്തെ ഒരു പെണ്ണ് ചോദ്യം ചെയ്തതില്‍ അപമാനിതനായി ഞാന്‍ തിരിച്ച് അപ്പൂപ്പന്‍റെ മുറിയിലെത്തി.
അവിടെ ആജാനുവും അപ്പൂപ്പനും ഒപ്പം ദുഖഭാവം അഭിനയിച്ച് കുറച്ച് ബന്ധുസ്ത്രീകളും പുതിയ രണ്ട് നേഴ്സുമാരും.

ആജാനു: ഇത്ര പെട്ടന്ന് കഴിഞ്ഞോ ?
ഞാന്‍ മറുപടി രഹസ്യമായി ആജാനുവിനോട്‌ പറയും മുന്‍പ് കിളുന്ത് പിന്നാലെ വന്ന് എല്ലാരും കേള്‍ക്കെ പരസ്യപ്രസ്താവന നടത്തി "നിങ്ങള്‍ കൊണ്ട് വന്ന ഡോണര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല."
കിട്ടിയ അവസരം മുതലെടുത്ത്‌ കിളുന്ത് എന്‍റെ ശവത്തില്‍ ദാക്ഷണ്യമില്ലാതെ ആഞ്ഞു കുത്തി.

താഴ്ന്ന തല പതുക്കെയുയര്‍ത്തി ഞാന്‍ ഒളികണ്ണിട്ട് പരിസരം വീക്ഷിച്ചു.

ശോകാഭിനയം മറന്ന് ബന്ധുസ്ത്രീകള്‍ വാ പൊത്തിച്ചിരിക്കുന്നു.
നേഴ്സ്മാര്‍ ഞാന്‍ കാണാതിരിക്കാന്‍ ഭിത്തിക്ക് നേരെ തിരിഞ്ഞ് നിന്ന് ചിരിക്കുന്നു.

ഒരാശ്വാസത്തിനായി ഞാന്‍ ആ അപ്പൂപ്പനെ നോക്കി.
തന്നെ കൊണ്ടുപോകാന്‍ കാലന്‍ വെളിയില്‍ പോത്തിനെ സ്റ്റാര്‍ട്ട്‌ ചെയ്തു നില്‍പ്പുണ്ടെന്നറിഞ്ഞിട്ടും കിളവനും ചിരി നിയന്ത്രിക്കാന്‍ പറ്റുന്നില്ല.
രക്തം ദാനം ചെയ്യാതെ തന്നെ ശരീരത്തില്‍ ക്ഷീണം പടരുന്നത് ഞാനറിഞ്ഞു.

ഇതിലും ഭേദം ആ പാണ്ടിലോറിയുടെ കീഴില്‍ പെട്ട് ഇഹലോകവാസം വെടിയുകയായിരുന്നു.

കൂടുതല്‍ ചിരികള്‍ കാണാന്‍ വയ്യാതെ ഞാന്‍ പുറത്തിറങ്ങി ആദ്യം കണ്ട ബസ്സില്‍ത്തന്നെ ചാടിക്കയറിയിരുന്നു.
തൊട്ടടുത്തിരിക്കുന്നവന്‍റെ കയ്യില്‍ ഒരു "മലയാള മനോരമ" പത്രം.
അത് വാങ്ങി ഞാനൊരിക്കലും നോക്കാത്ത "ദിവസഫലം" വെറുതെ ഒന്ന് നോക്കി.

അതില്‍ എന്‍റെ ദിവസഫലം കിറുകൃത്യമായിരുന്നു.

"കാര്യവിജയം, ധനലാഭം, ഇഷ്ടഭക്ഷണയോഗം, സമൂഹത്തില്‍ ബഹുമാനിക്കപ്പെടാനുള്ള അവസരം എന്നിവയുണ്ടാകും"

/അജ്ഞാതന്‍/

Creative Commons License
http://hiddenflash.blogspot.com by Ajnaathan is licensed under a Creative Commons Attribution-NonCommercial-NoDerivs 3.0 Unported License.

Tuesday, February 15, 2011

തിയേറ്ററില്‍ പാലിക്കേണ്ട മര്യാദകള്‍

1. ടിക്കറ്റെടുക്കാന്‍ നില്‍ക്കുമ്പോള്‍ തിരക്കില്ലെങ്കിലും ക്യൂവില്‍ തള്ളുണ്ടാക്കുക.

2. എടുത്ത ടിക്കറ്റില്‍ സീറ്റ്‌ നമ്പര്‍ ഉണ്ടെങ്കിലും അന്യന്‍റെ സീറ്റില്‍ പോയിരിക്കുക. ആ സീറ്റിന്‍റെ ഉടമ വന്നാല്‍ അയാളുമായി ഒരു കശപിശ ഉണ്ടാക്കുക.

3. സീറ്റില്‍ ഇരുന്നാലുടന്‍ നിലത്ത് തുപ്പുക. (ശബ്ദമുണ്ടാക്കി കാര്‍ക്കിച്ച് തുപ്പിയാല്‍ വളരെ നന്ന്)

4. മമ്മൂട്ടിയുടെ സിനിമ ആണെങ്കില്‍ "കണ്ടോടാ കണ്ടോടാ...... ആണായി പിറന്നവനെ കണ്ടോടാ" എന്നാ മുദ്രാവാക്യം മുഴക്കിയിട്ട്  ഫാന്‍സ്‌ അസോസിയേഷന്‍ രചിച്ച നാല് വരി കവിത ചൊല്ലുക.

"ആരാ ആരാ ഓടുന്നേ..?
ഞാനാ ഞാനാ മാടമ്പി..
എന്താ എന്താ ഓടുന്നേ..?
മമ്മൂക്കാ എന്നെ തോല്‍പ്പിച്ചേ..."

5. മോഹന്‍ലാല്‍ സിനിമ ആണെങ്കില്‍ മേല്‍പ്പറഞ്ഞ കവിതയില്‍ "മാടമ്പി" എന്ന സ്ഥാനത്ത് "സിബിഐ" എന്നും "മമ്മൂക്ക" എന്ന സ്ഥലത്ത് "ലാലേട്ടന്‍" എന്നും മാറ്റിപ്പാടുക.

6. സിനിമ തുടങ്ങിയാലുടന്‍ മൊബൈല്‍ സംസാരം തുടങ്ങുക. ഉച്ചത്തില്‍ സംസാരിച്ച് നാലാളെ ശല്യം ചെയ്യാന്‍ പറ്റിയാല്‍ വളരെ അഭികാമ്യം.

7. നായകന്‍ സ്ക്രീനില്‍ വരും വരെ ഗ്രീന്‍ സിഗ്നല്‍ കാത്തു നില്‍ക്കുന്ന ഓട്ടോക്കാരനെപ്പോലെ അക്ഷമനായിരിക്കുക.

നായകനെ കണ്ടാലുടന്‍ കാടി കണ്ട പശുവിനെപ്പോലെയോ, മത്തിത്തല കണ്ട നാടന്‍ ശ്വാനനെപ്പോലെയോ ആക്രാന്തം പ്രകടിപ്പിക്കുക. മുന്‍പില്‍ ഇരിക്കുന്നവന്‍റെ ചെവിക്കീഴില്‍ പോയി വിസിലടിക്കുക, പുറകില്‍ ഇരിക്കുന്നവന് സ്ക്രീന്‍ കാണാനാവാത്ത വിധം എണീറ്റ്‌ നിന്ന് തുള്ളുക മുതലായ ക്രീഡകള്‍ നടത്തുക.

8. പൃഥ്വിരാജിന്‍റെ മുഖം സ്ക്രീനില്‍ കണ്ടാല്‍ അപ്പൊത്തന്നെ ഉച്ചത്തില്‍ കൂവുക. പൃഥ്വിരാജ് അഭിനയിക്കുന്ന സിനിമയല്ലെങ്കില്‍, ഇടവേള സമയത്ത് പൃഥ്വിരാജിന്‍റെ ഫോട്ടോ കാണിച്ചുള്ള പരസ്യം കണ്ടാലും കൂവുക.
ഒരു കറിവേപ്പില എഫക്റ്റിന് വേണമെങ്കില്‍ രണ്ടു പുളിച്ച തെറിയും ആകാം.

9. ഇടവേളക്ക് പുറത്തിറങ്ങി വാങ്ങാവുന്നടത്തോളം തീറ്റ വാങ്ങി, കവറുകള്‍ സീറ്റിനടിയില്‍ നിക്ഷേപിക്കുക.

10.സിനിമ തീരാറായി എന്ന് സംശയം തോന്നിയാലുടന്‍ ഇറങ്ങിപ്പോവുക. പോകുമ്പോള്‍ വാതില്‍ മലര്‍ക്കെ തുറന്നിടാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

11. സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ പല്ല്, നഖം, ബ്ലേഡ് ഇവയെതെങ്കിലുമുപയോഗിച്ച് ഇരിക്കുന്ന സീറ്റ്‌ കീറി "ഇപ്പൊ നല്ല സിനിമകള്‍ ഒന്നുമിറങ്ങുന്നില്ല" എന്ന ആത്മഗതം പറഞ്ഞു ഇറങ്ങിപ്പോവുക.
പറ്റുമെങ്കില്‍ ഇറങ്ങിപ്പോകുമ്പോള്‍ മുന്നിലുള്ള സീറ്റിന് മുകളില്‍ കൂടി ചാടി, അതില്‍ ചെരിപ്പിട്ട് ചവിട്ടി ഇറങ്ങിപ്പോവുക.

12. സിബിഐ സിനിമകള്‍ ആണെങ്കില്‍ ക്ലൈമാക്സ്‌ കണ്ടാലുടന്‍ വില്ലനാരാണെന്ന് എല്ലാവര്‍ക്കും SMS അയക്കുക.
 

13. പറ്റിയാല്‍ അടുത്ത ഷോവിന് ക്യൂ നില്‍ക്കുന്നവനോട് "തല്ലിപ്പൊളി പടമാണ്, കണ്ട് കാശ് കളയരുത്" എന്ന് പറഞ്ഞു പിന്തിരിപ്പിക്കുക.

വാല്‍കഷ്ണം (ഇത്തിരി വല്ല്യ കഷ്ണമാണേ): ഒരു നടക്കാത്ത സ്വപ്നം.
ഭാവിയില്‍ സ്വന്തമായി ഒരു തിയേറ്റര്‍ തുടങ്ങുക.
എന്നിട്ട് ബാംഗ്ലൂരില്‍ ചില പബ്ബുകളുടെ മുന്നില്‍ നില്‍ക്കുന്ന ഹിപ്പോപ്പൊട്ടോമസ് പരുവത്തിലുള്ള മീശക്കാരന്‍ അമ്മാവന്മാരെ വാടകയ്ക്കെടുക്കുക.

അവരെക്കൊണ്ട് തുപ്പുന്നവന്‍റെ വായില്‍ മണ്ണ് വാരിയിടുക, സീറ്റ്‌ കീറുന്നവന്‍റെ കൈ ബ്ലേഡ് വെച്ച് കീറി വിടുക, സീറ്റില്‍ ചവിട്ടുന്നവന്‍റെ ഷര്‍ട്ടൂരി സീറ്റ്‌ തുടപ്പിക്കുക,
കൂവുന്നവന്‍റെ അണ്ണാക്കില്‍ തുണി കേറ്റി പ്ലാസ്റ്റര്‍ ഒട്ടിച്ച് രഹസ്യ മുറിയില്‍ കൊണ്ടിരുത്തി കണ്ണില്‍ ഈര്‍ക്കിലും വെച്ച് കയ്യും കെട്ടി ദ്രോണ, സാഗര്‍ ഏലിയാസ്‌ ജാക്കി, ഡോണ്‍ എന്നീ സിനിമകള്‍ ആവര്‍ത്തിച്ച് കാണിക്കുക മുതലായ കലാപരിപാടികള്‍ സര്‍ക്കാര്‍ പിന്തുണയോട് കൂടി ടിക്കറ്റ്‌ വെച്ച് ഷോ നടത്തുക.

/അജ്ഞാതന്‍/




Creative Commons License
http://hiddenflash.blogspot.com by Ajnaathan is licensed under a Creative Commons Attribution-NonCommercial-NoDerivs 3.0 Unported License.

Thursday, February 3, 2011

ഓജോ ബോര്‍ഡ്‌ (Ouija Board)


"ഓജോ ബോര്‍ഡ്‌" എന്ന് നമ്മള്‍ മലയാളികള്‍ ഓമനപ്പേരിട്ട് വിളിക്കുന്ന "വീജി ബോര്‍ഡ്"‌ ആദ്യമായി ഞാന്‍ കാണുന്നത് "അപരിചിതന്‍" സിനിമയിലാണ്.

ജസ്റ്റിസ്‌ വി.ആര്‍. കൃഷ്ണയ്യര്‍ക്ക് അദ്ദേഹത്തിന്‍റെ മരിച്ചു പോയ ഭാര്യയുടെ ആത്മാവുമായി ഓജോ ബോര്‍ഡുപയോഗിച്ച് സംസാരിക്കാന്‍ സാധിച്ചു എന്ന് കൂടി കേട്ടപ്പോള്‍ ഇതൊന്നു പരീക്ഷിച്ചു നോക്കണമെന്ന് തോന്നി.

സഹമുറിയന്മാരോട് ഞാന്‍ ഈ ആഗ്രഹത്തെപ്പറ്റി പറഞ്ഞു. ആവേശോജ്വലമായ പ്രതികരണമാണ് കിട്ടിയത്. എല്ലാര്‍ക്കും ഉത്സാഹം.

ഓജോ ബോര്‍ഡ്‌ പരീക്ഷണത്തിന് വേണ്ട താഴെപ്പറയുന്ന ചേരുവകള്‍ ഞങ്ങള്‍ തയ്യാറാക്കി.

1. ഒരു വലിയ പേപ്പര്‍ (ആത്മാവിന് ഓടിക്കളിക്കാന്‍ പാകത്തിന്)

2. അതില്‍ 1 മുതല്‍ 9 വരെയും, A മുതല്‍ Z വരെയും എഴുതണം. ഒപ്പം നടുക്ക് "Yes" എന്നും "No" എന്നും. (ഓജോ ബോര്‍ഡില്‍ വരുന്ന ആത്മാക്കള്‍ക്ക് ഇംഗ്ലീഷ് സാക്ഷരതയുണ്ടെന്ന്‌ വിശ്വസിക്കപ്പെടുന്നു)

3. ഒരു മെഴുകുതിരി (ആത്മാവിന് നമ്മള്‍ എഴുതിയത് വായിക്കാന്‍ തക്ക വെട്ടം തരുന്നത്)

4. ഒരു നാണയം ( ഒരു രൂപയുടേത് മതി. അഞ്ചോ പത്തോ വെച്ചാല്‍, വരുന്നത് മലയാളി ആത്മാവാണെങ്കില്‍ ചെലപ്പോ അടിച്ചുമാറ്റും)

5. "Good Spirit Please Come....Good Spirit Please Come" എന്ന് നട്ടപ്പാതിരയ്ക്ക് പറയാന്‍ ധൈര്യശാലികളായ മൂന്നാല് ചെറുപ്പക്കാര്‍ (Experience  ഉള്ളവര്‍ക്ക് മുന്‍ഗണന).

ഇത്രയും റെഡിയാക്കി വിളിക്കേണ്ട രീതിയില്‍ വിളിച്ചാല്‍, "പാവങ്ങള്‍ കുറേ നേരമായി വിളിക്കുന്നു...ഒന്ന് പോയി പേടിപ്പിച്ചിട്ട് വരാം" എന്നും കരുതി ആത്മാവ് വരുമെന്നാണ് വിശ്വാസം.
വിളിക്ക് ശക്തി കൂടിയാല്‍ പഴയ "ലിസ" മുതല്‍ വിനയന്‍റെ ലേറ്റസ്റ്റ് യക്ഷി വരെ വരുമെന്നും കരുതപ്പെടുന്നു.

യക്ഷിപ്രേതാത്മാക്കളുടെ നാഷണല്‍ ഹോളിഡേ ആയ വെള്ളിയാഴ്ച രാത്രി, ഓജോ ബോര്‍ഡ്‌ പരീക്ഷിക്കാം എന്ന് തീരുമാനിച്ചെങ്കിലും ധൈര്യപരമായ കാരണങ്ങളാല്‍ ഞങ്ങള്‍ അത് തിങ്കളാഴ്ചത്തേക്ക് മാറ്റി.

"ഈ weekend ഇവന്മാരോടൊപ്പം ആഘോഷിച്ചേക്കാം" എന്ന് കരുതി വല്ല ആത്മാവും വന്നങ്ങ് കുറ്റിയടിച്ചാലോ എന്ന് പലരും ആശങ്ക പ്രകടിപ്പിച്ചതിനാലാണത് .

അങ്ങനെ തിങ്കളാഴ്ച രാത്രിയായി.
സെറ്റപ്പ് റെഡിയാക്കിക്കഴിഞ്ഞപ്പോള്‍ പലര്‍ക്കും ഒരു വൈക്ലബ്ബ്യം.... ഒരു ധൈര്യക്കുറവ് പോലെ.

ധൈര്യശാലിയായ ഞാന്‍ (ലുക്കില്ലെന്നേ ഉള്ളു...ഉള്ളില്‍ നല്ല ധൈര്യമാണ്) മുന്‍കയ്യെടുത്തു സഹമുറിയന്മാരായ ശ്രീരാജിനെയും കൃഷ്ണാനന്ദിനെയും ഓജോ ബോര്‍ഡിന് മുന്‍പില്‍ പിടിച്ചിരുത്തി.
Mr X എന്ന് തല്‍ക്കാലം ഞാന്‍ അഭിസംബോധന ചെയ്യുന്ന എന്‍റെ റൂംമേറ്റ്‌ ഇതൊന്നും കണ്ടു നില്‍ക്കാന്‍ ധൈര്യമില്ലാതെ കുളിക്കാന്‍ കയറി.

ആത്മാവിന് ബുദ്ധിമുട്ട് കൂടാതെ കടന്ന് വരാന്‍ വേണ്ടി ഞങ്ങള്‍ ബുദ്ധിപരമായ ഒരു തീരുമാനമെടുത്തു.
വീടിന്‍റെ മുന്‍വശത്തെ വാതില്‍ തുറന്നിടുക..

അങ്ങനെ വാതില്‍ തുറന്നിട്ട്‌ ഞങ്ങള്‍ ശക്തമായ മുറവിളി തുടങ്ങി "Good Spirit Please Come....Good Spirit Please Come".

രണ്ട് മിനിറ്റ് കഴിഞ്ഞപ്പോള്‍ കൃഷ്ണാനന്ദ്‌ പറഞ്ഞു "അതേയ് ... ഒരു പ്രശ്നമുണ്ട്..." ഞങ്ങള്‍ സംശയദൃഷ്ടിയോടെ നോക്കി.
മൂപ്പര്‍ തുടര്‍ന്നു "ആത്മാവ് ഓജോ ബോര്‍ഡില്‍ വന്ന് കഴിഞ്ഞാല്‍ പിന്നെ തിരിച്ചു പറഞ്ഞു വിടാന്‍ അറിയുമോ? "

ഞാനും ശ്രീരാജും മുഖത്തോടു മുഖം നോക്കി തല ചൊറിഞ്ഞു...പണ്ട് ക്ലാസ്സില്‍ ചോദ്യം ചോദിക്കുമ്പോള്‍ സ്ഥിരമായി ചെയ്യാറുള്ളത്‌ പോലെ.
"വന്നിട്ട് നല്ല രീതിയില്‍ പറഞ്ഞു വിട്ടില്ലെങ്കില്‍ വല്ല്യ പ്രശ്നമാണ്." കൃഷ്ണന്‍ പറഞ്ഞു നിര്‍ത്തി.

മനസ്സിലെ ധൈര്യത്തിന്‍റെ അണക്കെട്ടിന് ചെറുതായി ചോര്‍ച്ച അനുഭവപ്പെട്ടെങ്കിലും, പ്രേതത്തെ interview ചെയ്യാന്‍ വല്ലാതെ കൊതിച്ചു പോയിരുന്നതിനാല്‍ പിന്മാറാന്‍ ഞാന്‍ തയ്യാറായിരുന്നില്ല.
മുന്നറിയിപ്പ് അവഗണിച്ചു കൊണ്ട്‌ ഞാന്‍ തുടര്‍ന്നു "Good Spirit Please Come...."
മനസ്സില്ലാമനസ്സോടെ അവരും പങ്ക് ചേര്‍ന്നു.

ഏകാഗ്രമായ ഏതാനം നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അന്തരീക്ഷത്തില്‍ ചെറിയ മാറ്റങ്ങള്‍ കണ്ടു തുടങ്ങി.
പുറത്ത് ശക്തിയായ ഒരു കാറ്റ് വീശി...
ഞങ്ങളെ സ്ഥിരമായി ഓടിക്കാറുള്ള അടുത്ത വീട്ടിലെ പട്ടി നീളത്തില്‍ ഓരിയിട്ടു.
അന്തരീക്ഷത്തില്‍ പേരറിയാത്തൊരു പൂവിന്‍റെ ഗന്ധം പടര്‍ന്നു.

ഓജോ ബോര്‍ഡിലെ നാണയം ഒന്നനങ്ങി.

"അയ്യോ...എന്റമ്മേ ഓടിവായോ..!!!! "
ഉച്ചത്തിലുള്ള നിലവിളി കേട്ട ഞങ്ങള്‍ മൂവരും ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണന്‍ ക്രിസ്ത്യാനിയാണ് എന്നറിയുമ്പോള്‍ ഒരു ശരാശരി മലയാളി ഞെട്ടുന്നതിന്‍റെ നൂറു മടങ്ങ്‌ ശക്തിയില്‍ ഞെട്ടി.


നിലവിളിയെ തുടര്‍ന്ന് Mr X, കുളിമുറിയില്‍ നിന്നിറങ്ങി തച്ചോളി അമ്പുവിലെ ഷീലയെപ്പോലെ  ഈറനുടുത്ത്  അടുക്കളയിലേക്കോടി.
 "എന്തോ വന്ന് എന്‍റെ തലയില്‍ ശക്തിയായി അടിച്ചു..." കിതച്ച് കൊണ്ട്‌ Mr X പറഞ്ഞു.

പ്രേതത്തിന്‍റെ interview board അംഗങ്ങളായ ഞങ്ങള്‍ ഇനി ഇത് തുടരണോ വേണ്ടയോ എന്നാലോചിച്ചു രണ്ട് മിനിറ്റ് നിന്നു.
കിതപ്പ് മാറി സ്ഥലകാലബോധം തിരിച്ചു കിട്ടിയ Mr X  "അര്‍ജ്ജുനന്‍ ഫല്‍ഗുനന്‍ പാര്‍ത്ഥന്‍ കിരീടി..." എന്ന് ജപിച്ചു കൊണ്ട്‌ ബാത്രൂമിലേക്ക് തിരിച്ചു കയറി.

ധൈര്യത്തിന്‍റെ അണക്കെട്ടില്‍ ചോര്‍ച്ച വര്‍ദ്ധിച്ചു.

എങ്കിലും ഇത്രയും സംഭവിച്ച സ്ഥിതിക്ക് ഇനി ആത്മാവിനോട് സംസാരിച്ചിട്ടേ പിന്മാറൂ എന്ന് തീരുമാനിച്ച് ഞങ്ങള്‍ നെഞ്ചിടിപ്പോടെ "Good Spirit...."തുടര്‍ന്നു.

നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും Mr X ന്‍റെ നിലവിളി ഉയര്‍ന്നു.
എന്നിട്ട് പെട്ടന്ന് സ്വിച്ചിട്ട പോലെ നിന്നു.

"എന്തു പറ്റിയെടാ..ആത്മാവ് അങ്ങോട്ടെങ്ങാനം വന്നോ?" എന്ന ശ്രീരാജിന്‍റെ ചോദ്യത്തിന് മറുപടിയൊന്നും വന്നില്ല.

കുറച്ചു കഴിഞ്ഞ് Mr X പുറത്തിറങ്ങി വന്നു. അവന് വല്ലാത്തൊരു ഭാവമാറ്റം.
ഓജോ ബോര്‍ഡിലേക്ക് തറപ്പിച്ചു നോക്കി "ആത്മാവ് സംസാരിച്ചോ ?" എന്ന് മാത്രം ചോദിച്ചിട്ട് അവന്‍ മുറിയിലേക്ക് പോയി.
അവന്‍റെ ആ ഭാവമാറ്റം ഞങ്ങളെ ആശയക്കുഴപ്പത്തിലാക്കി.

കൃഷ്ണാനന്ദ് എന്നെ ഒന്ന് നോക്കി..
"ആത്മാവ് അവന്‍റെ ദേഹത്ത് കയറിയോ ..?" എന്നൊരു സംശയം ആ മുഖത്ത് നിന്ന് ഞാന്‍ വായിച്ചെടുത്തു.

അവന്‍റെ ദേഹത്ത് കയറിപ്പറ്റി എന്ന് സംശയിക്കപ്പെടുന്ന ആത്മാവിനെ എത്രയും പെട്ടന്ന് ഓജോ ബോര്‍ഡില്‍ എത്തിച്ച് "ലേലു അല്ലൂ ലേലു അല്ലൂ" പറഞ്ഞു റ്റാറ്റ കാണിച്ച് വിടേണ്ടത്  Mr X നോടൊപ്പം അതേ മുറിയില്‍ ഉറങ്ങുന്ന എന്‍റെ ആവശ്യമായിരുന്നു.
ഞാന്‍ പരമാവധി ആത്മാര്‍ഥതയോടെ വിളിച്ചു... "Good Spirit Please Come...."

നിമിഷങ്ങള്‍ ഇഴഞ്ഞു നീങ്ങി...സമയം പാതിരായോടടുത്തു.
ഒന്നും സംഭവിച്ചില്ല.

ഓജോ ബോര്‍ഡിലെ എന്‍റെ വൃത്തികെട്ട കയ്യക്ഷരം കണ്ടിട്ടാണോ, അതൊ Good Spirit-നും Please Come-നും ഇടയില്‍ ശ്രീരാജ് നീട്ടിയൊരു കോട്ടുവായിട്ടത് കണ്ട ആത്മാക്കള്‍ "ഈ ഉറക്കം തൂങ്ങികളുടെ മുന്‍പില്‍ ഇനി ഞങ്ങള്‍ടെ പട്ടി വരും" എന്ന് ചിന്തിച്ചിട്ടാണോ എന്തോ, അന്ന് പിന്നീട് ഒന്നും സംഭവിച്ചില്ല.

പരീക്ഷണം അവസാനിപ്പിച്ച് പരീക്ഷണവസ്തുകള്‍ ഭക്ത്യാദരവോടെ മടക്കി കയ്യില്‍ വെച്ച് ഞാന്‍ മുറിയില്‍ ചെല്ലുമ്പോള്‍ കണ്ടത് കട്ടിലില്‍ Mr X ഫാനിലേക്ക് തുറിച്ചു നോക്കി കിടക്കുന്നു. എന്നെ കണ്ടപ്പോള്‍ കണ്ണില്‍ അപരിചിതഭാവം.

അവന്‍റെ ദേഹത്ത് കയറിയ ആത്മാവിന്‍റെ ലക്ഷ്യമെന്താണെന്നറിയാതെ എനിക്കെങ്ങനെ സമാധാനമായി ഉറങ്ങാന്‍ പറ്റും..?


ഓജോബോര്‍ഡ്‌ മേശപ്പുറത്തു വെച്ച് മണിച്ചിത്രത്താഴിലെ തിലകനെ മനസ്സില്‍ ധ്യാനിച്ച്‌ ഞാന്‍ പതുക്കെ ചോദിച്ചു... "നീ എന്തിനാ നിലവിളിച്ചത്..?

Mr X : നിലവിളിച്ചോ... ? ആര്.... ? എപ്പോ.... ?
ഞാന്‍ വീണ്ടും ഞെട്ടി....അവന്‍റെ ശബ്ദത്തിലും പ്രകടമായ മാറ്റം. ഇത് ബാധ തന്നെ.
അവന്‍ എന്നെ രൂക്ഷമായി നോക്കി.

"ദുരൂഹ സാഹചര്യത്തില്‍ യുവാവ് മരിച്ചു" (മാതൃഭൂമി)
"പ്രേതങ്ങളെ കയ്യാമം വെച്ചു തെരുവിലൂടെ നടത്തും... മുഖ്യമന്ത്രി" 
(മനോരമ)
"ആത്മാക്കള്‍ വെറും നികൃഷ്ട ജീവികള്‍...പിണറായി" (ദേശാഭിമാനി)....

മുതലായ വാര്‍ത്തകള്‍ എന്‍റെ പാസ്പ്പോര്‍ട്ട് സൈസ് ഫോട്ടോ വെച്ച് പിറ്റേന്നത്തെ പത്രങ്ങളില്‍ വരുന്നത് ഞാന്‍ ഭാവനയില്‍ കണ്ടു.

ഞാന്‍ ലൈറ്റ് ഓഫ്‌ ചെയ്തു കിടന്നു. ഉറങ്ങാന്‍ കഴിയുന്നില്ല.

ഞാന്‍: സത്യം പറ...എന്താ സംഭവിച്ചത്..?
ഇരുട്ടില്‍  Mr X ന്‍റെ പൊട്ടിച്ചിരി മുഴങ്ങി.... എന്നിട്ട് അവനൊന്നു നീട്ടി മൂളി.

Mr X : ഞാന്‍ പറയാം...പക്ഷെ, ആരോടും പറയരുത്.
ഞാന്‍: ഇല്ല.

രഹസ്യത്തിന്‍റെ ചുരുളഴിഞ്ഞു തുടങ്ങി.

Mr X : കുളിക്കുന്നതിനിടയില്‍ എന്‍റെ തലയില്‍ എന്തോ ശക്തിയായി വന്നടിച്ചു എന്ന് ഞാന്‍ പറഞ്ഞില്ലേ..?
ഞാന്‍: ഉവ്വ്...
Mr X : രണ്ടാമത് കുളിക്കാന്‍ കേറിയപ്പോഴും അത് സംഭവിച്ചു.
ഞാന്‍: ആണോ ? എന്താത്..?

കുറച്ച് നേരത്തെ മൗനത്തിന് ശേഷം അവന്‍ പറഞ്ഞു
Mr X: നിങ്ങളുടെ വിളി കേട്ട് ആത്മാവ് വരും മുന്‍പേ, മുറിയില്‍ കയറി വാതിലടയ്ക്കാന്‍  ഞാന്‍ പെട്ടന്ന് കുളിക്കുകയായിരുന്നു. ബക്കറ്റിലെ വെള്ളം മഗ്ഗിലെടുത്ത് തലയിലേക്ക് ധൃതിയില്‍ കോരി ഒഴിക്കുന്നതിനിടയില്‍....

Mr X ഒന്ന് നിര്‍ത്തി. ഞാന്‍ കാത് കൂര്‍പ്പിച്ചു.

Mr X: അങ്ങനെ സ്പീഡില്‍  കുനിഞ്ഞു നിവരുന്നതിനിടയില്‍ എന്‍റെ കഴുത്തില്‍ കിടന്ന ഏലസ്സ് നെറ്റിയില്‍ ശക്തിയായി വന്നടിച്ചു.
അത് ആത്മാവ് എന്തോ ചെയ്തതാണെന്ന് കരുതിയാണ് ഞാനിറങ്ങി ഓടിയത്.....!!!!

ആ മറുപടി കേട്ടപ്പോള്‍ എന്‍റെ മുന്‍പില്‍ മൂന്ന് ഓപ്ഷന്‍സ് ഉണ്ടായിരുന്നു.
1 . എഴുന്നേറ്റ് ചെന്ന് അവനിട്ട് ഒരെണ്ണം പൊട്ടിക്കുക..(തിരിച്ചു വല്ലതും കിട്ടുകയാണെങ്കില്‍ അതും വാങ്ങിച്ച് വന്നു മിണ്ടാതെ കിടക്കുക)
2 . അവന്‍റെ പൂര്‍വികരെ നിഘണ്ടുവില്‍ ഇല്ലാത്ത പദങ്ങള്‍ ഉപയോഗിച്ചു പുകഴ്ത്തുക.
3 . ആ ഓജോ ബോര്‍ഡ്‌ വലിച്ചു കീറി പുറത്തേക്കെറിയുക. 

പക്ഷെ ഒന്നും ചെയ്തില്ല.
 Mr X: നീ പേടിച്ചോ?
ഞാന്‍: ഛെ..പേടിക്കാനോ..? എന്തിന് പേടിക്കണം..? നിനക്കെന്തോ അബദ്ധം പറ്റിയതാണെന്ന് എനിക്കപ്പോഴേ തോന്നിയതാ... !!!

ധൈര്യത്തിന്‍റെ അണക്കെട്ട് ചോര്‍ച്ച സിമന്റ്‌ കൊണ്ടടച്ച് ഞാന്‍ പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീണു.
രാത്രിയിലെപ്പോഴോ ഞെട്ടിയുണര്‍ന്നപ്പോള്‍ ജനാലയില്‍ കൂടി അരിച്ചിറങ്ങുന്ന നിലാവെളിച്ചത്തില്‍ ഞാന്‍ ആ കാഴ്ച കണ്ടു.
മടക്കി വെച്ച ഓജോ ബോര്‍ഡ്‌ മേശപ്പുറത്തു താനേ തുറന്നിരിക്കുന്നു‌.

രണ്ട് കവിള്‍ വെള്ളം കുടിച്ച് പുതപ്പ് തലവഴി മൂടി കണ്ണുകള്‍ ഇറുക്കി അടച്ച് ഞാന്‍ കിടന്നു. മനസ്സിലപ്പോള്‍ ധൈര്യത്തിന്‍റെ അണക്കെട്ട് പോയിട്ട് ഒരു മണ്ണാങ്കട്ട പോലും ഉണ്ടായിരുന്നില്ല.

 
വാല്‍കഷ്ണം: ഇതിലെ Mr X എന്‍റെ കൂടെ പഠിച്ചതോ പിന്നീട് എന്‍റെ കൂടെ ജോലി ചെയ്തതോ ആയ ആരുമല്ല. അങ്ങനെ വായനക്കാര്‍ക്ക് വല്ല സാദൃശ്യവും തോന്നിയാല്‍ അത് തികച്ചും യാദൃശ്ചികം മാത്രം.

/അജ്ഞാതന്‍/

Creative Commons License
http://hiddenflash.blogspot.com by Ajnaathan is licensed under a Creative Commons Attribution-NonCommercial-NoDerivs 3.0 Unported License.