Friday, September 28, 2012

ഗാനമേള.


ഞാന്‍ ആറിലും ചേട്ടന്‍ പത്തിലും പഠിക്കുന്ന കാലം.

സാത്താങ്കുളത്ത് ജോലി ചെയ്തിരുന്ന കുഞ്ഞേട്ടന്‍, മാസാമാസം വീട്ടില്‍ വരുമ്പോള്‍ ഫൈവ്സ്റ്റാറിനും ജെംസിനുമൊപ്പം കൊണ്ടുവന്നിരുന്ന തമിഴ്‌ഗാനങ്ങള്‍ കേട്ട് ഞാനും ചേട്ടനും കടുത്ത എസ്.പി-ഇളയരാജ ഭക്തരായി വളരുന്ന കാലം.

ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും എന്ന് വേണ്ട, അപരിചിതരായ ആരെങ്കിലും വീട്ടില്‍ വന്നാല്‍, "ഇത് തമിഴ് മക്കളോടെ ഇടം" എന്ന് വന്നവര്‍ക്ക് തോന്നും വിധം വീട് 24x7 തമിഴ്‌ പാട്ടുകളാല്‍ മുഖരിതമായിരുന്നു.

നേരം വെളുക്കുമ്പോ "അടി രാക്കമ്മാ കയ്യെത്തട്ട്" തുടങ്ങി, ബ്രേക്ക് ഫാസ്റ്റ് ടൈമില്‍ "കറവാ മാട് പോലെ" യില്‍ എത്തി നില്‍ക്കുമ്പോള്‍, റിട്ടയേര്‍ഡ്‌ മലയാളം അധ്യാപികയായ അമ്മൂമ്മ സഹികെട്ട് പറയും "ആ രാജ എന്ന കറുത്ത കുന്തം, അവനെ ഉലക്ക കൊണ്ട് ചതച്ച് കൊല്ലണം...!"

ഇത് കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ അമ്മൂമ്മയുടെ ചെവിക്കീഴില്‍ച്ചെന്ന് " അട ജുംബാ.., മച്ചാനാ മച്ചാനാ " മുതലായ, ഇളയരാജയ്ക്ക് പോലും പിന്നീട് "ഛെ... വേണ്ടാരുന്നു" എന്ന് തോന്നിപ്പിച്ച പാട്ടുകള്‍ ഉറക്കെ പാടി അമ്മൂമ്മയെ കൂടുതല്‍ വികാരഭരിതയാക്കും.

ഒരു ദിവസം രാവിലെ ഞാന്‍ പല്ല് തേച്ചുകൊണ്ടിരിക്കുമ്പോള്‍ (വല്ല്യ ആത്മാര്‍ഥമായിട്ടൊന്നുമല്ല, വെറുതെ മറ്റുള്ളവരെ ബോധിപ്പിക്കാന്‍), ചേട്ടന്‍ ചീറിപ്പാഞ്ഞു വന്ന്, അമിതാഹ്ലാദം കൊണ്ട് പതിവിലും വികൃതമായ ശബ്ദത്തില്‍ "ഗുര്‍ളുഗുളുഗുളു" എന്നോ മറ്റോ പറഞ്ഞു.

"ങേ..?" എന്ന് നിന്ന എന്നോട് "ഡാ, എസ്.പീടെ ഗാനമേള, തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത്" എന്ന് ആവേശത്തോടെ ചേട്ടന്‍ പറഞ്ഞു.

"ഹെന്‍റമ്മേ..!" കേട്ട ഞെട്ടലില്‍ വായിലുണ്ടായിരുന്ന പകുതി പേസ്റ്റ് വയറ്റിലെത്തിയെങ്കിലും എനിക്കത് അത്ര വിശ്വാസമായില്ല.

കൂടപ്പിറപ്പാണെങ്കിലും അക്കാലത്ത് എനിക്ക് തീരെ ബഹുമാനവും വിശ്വാസവുമില്ലാത്ത ഒരാളായിരുന്നു ചേട്ടന്‍.

എങ്ങനെ ഉണ്ടാകും?

നല്ല കിടിലന്‍ വിളിപ്പേരാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കുറേക്കാലം എന്നെ "ജോണ്ടിസ്‌" എന്ന് വിളിച്ച് നടന്ന ഐറ്റം ആണ് ടിയാന്‍.

പെണ്‍കുട്ടികളെ പ്രസവിക്കുന്നത് അമ്മമാരും ആണ്‍കുട്ടികളെ പ്രസവിക്കുന്നത് അച്ഛന്‍മാരും ആണെന്ന് എനിക്ക് പറഞ്ഞ് തന്നതും മറ്റാരുമല്ല.

മൂപ്പരാണ് പറയുന്നത് ഗാനമേളേടെ കാര്യം.
"പുത്തരിക്കണ്ടം മൈതാനം" പോലും, കേട്ടാലേ അറിയാം പുളു ആണെന്ന്. "കണ്ടം എങ്ങനാ മൈതാനം ആകുന്നത്?"

ബാക്കി പേസ്റ്റ് നീട്ടിത്തുപ്പി പുച്ഛത്തോടെ നിന്ന എന്നെ, ചേട്ടന്‍ പത്രത്തിലെ പരസ്യം കാട്ടി.

ഇത്തവണ ഞാന്‍ ശരിക്കും ഞെട്ടി.
സംഗതി സത്യം തന്നെ... പക്ഷെ സംശയം മാറിയില്ല.. കണ്ടം എങ്ങനെ മൈതാനമാകും?

ആ ചോദ്യം ദിവസം മുഴുവന്‍ എന്നെ അലട്ടി കൊണ്ടിരുന്നു -   സയന്‍സ് പിരീഡില്‍ ഉണങ്ങിയ മുറിവ് കുത്തിപ്പൊട്ടിക്കുമ്പോഴും, ഇംഗ്ലീഷ് പിരീഡില്‍ ഉത്തരം പറയാന്‍ എഴുന്നേറ്റ മിറോഷ് മോഹന്‍റെ സീറ്റില്‍ കോംപസ്‌ വെയ്ക്കുമ്പോഴുമെല്ലാം.

വൈകുന്നേരം ആയപ്പോഴേക്കും ഞാന്‍ തന്നെ അതിന്‍റെ ഉത്തരം കണ്ടുപിടിച്ചു.

പുത്തരിക്കണ്ടം ആവില്ല, പൂത്തരിക്കണ്ടം ആവും. പൂത്ത അരി കണ്ടം.

അത് തന്നെ... അരി ഒക്കെ പൂത്ത് പോയത് കാരണം ഗവര്‍ണറോ മറ്റോ കണ്ടം മൈതാനമായി പ്രഖ്യാപിച്ചു കാണും.

പണ്ടേ ഞാന്‍ ഇങ്ങനെയാ... എല്ലാ സംശയങ്ങള്‍ക്കും സ്വയം ഉത്തരം കണ്ടെത്തും.

മഹാഭാരതം സീരിയല്‍ കാണുമ്പോള്‍ പാണ്ഡവര്‍ക്ക്, ഈ കൗരവര്‍ എങ്ങനെയാണ് അവര്‍ ചോദിച്ച പകുതി രാജ്യം കൃത്യമായി അളന്ന് കൊടുക്കുകയെന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു.

അതിനുള്ള ഉത്തരം സ്വയം കണ്ടെത്തിയ ശേഷമാണ് സ്ഥിതീകരിക്കാന്‍ ചാരുകസേരയില്‍ അച്ഛന്‍റെ നെഞ്ചില്‍ ചാഞ്ഞു കിടക്കുമ്പോള്‍ "പിച്ചാത്തി വെച്ച് കീറിയാല്‍ സിംഹാസനം മുറിയുമോ?" എന്ന് ചോദിച്ചത്.

എന്‍റെ ചിന്താഗതി പ്രകാരം, സഭയുടെ നടുക്കുള്ള സിംഹാസനം ഹലുവ മുറിക്കുന്ന പോലെ പകുതിയായി കീറിമുറിച്ച് ഇരുവശത്തും ഉള്ള പീഠങ്ങള്‍ കൗരവര്‍ക്കും പാണ്ഡവര്‍ക്കും ഒരേ പോലെ വീതിച്ച്‌ കൊടുക്കുന്നതാണ് ഈ പകുതി രാജ്യം കൊടുക്കല്‍.

ശോ... സൊല്ല വന്ത മാറ്റര്‍ വിട്ടു പോയാച്ച്.. മന്നിച്ചിടുങ്കോ

അന്ന് തുടങ്ങി ദിവസങ്ങളോളമുള്ള ഞങ്ങളുടെ നിരന്തരമായ അപേക്ഷ പരിഗണിച്ച്, ഗാനമേള കാണണം എന്ന ഞങ്ങളുടെ ആവശ്യം, തികച്ചും ഒരനാവശ്യം ആയിരുന്നെങ്കില്‍ക്കൂടി അച്ഛന്‍ അംഗീകരിച്ചു.

അങ്ങനെ സംഭവദിവസം വന്നെത്തി.
സംഭവസമയത്തിന് രണ്ട് മണിക്കൂര്‍ മുന്‍പ് തന്നെ ഞങ്ങള്‍ സംഭവസ്ഥലത്തെത്തി. സംഭവം കാണാന്‍ നല്ല ക്യൂ.

നല്ല മൊട്ട വെയിലില്‍, ആ നീണ്ട ക്യൂവില്‍ നിന്ന് വാടിക്കരിയുമ്പോഴും ഞങ്ങളുടെ ഹൃദയം, "എസ്.പി, എസ്.പി" എന്ന് താളത്തില്‍ മിടിച്ചു കൊണ്ടിരുന്നു.

ക്യൂവില്‍ ഞങ്ങള്‍ നിന്ന സ്ഥലത്തിനരികെ ഒരു തമിഴന്‍ പലകമേല്‍ കുറെ പുസ്തകങ്ങള്‍ വില്‍ക്കാന്‍ വെച്ചിട്ടുണ്ടായിരുന്നു.
നാന, വെള്ളിനക്ഷത്രം, വനിത, മഹിളാരത്നം, മനോരാജ്യം തുടങ്ങി മലയാളികള്‍ അത്യന്താപേക്ഷിതമായി അറിഞ്ഞിരിക്കേണ്ട GK അടങ്ങുന്നവ‌.

അക്കൂട്ടത്തില്‍ "മന്ത്രിയുടെ തന്ത്രങ്ങള്‍" ഉണ്ടായിരുന്നു... അക്കാലത്ത് ബാലരമയില്‍ ഉണ്ടായിരുന്ന പ്രശസ്തമായ ചിത്രകഥ.

അത് വേണം എന്നാഗ്രഹം ഉണ്ടായിരുന്നെങ്കിലും അച്ഛനോട് ചോദിച്ചില്ല. ഒരു വലിയ ദുരാഗ്രഹം സാധിച്ച് തന്ന അവസരത്തില്‍ അച്ഛനോട് വീണ്ടും ചോദിക്കാന്‍ ഒരു മടി.

ക്യൂവില്‍ നിന്ന പലരും പല പുസ്തകങ്ങളും മറിച്ച് നോക്കുന്നുണ്ട്.
അത് കണ്ട് ഞാനും "മന്ത്രിയുടെ തന്ത്രങ്ങള്‍" മറിച്ച് നോക്കാനെടുത്തു, അച്ഛന്‍ കാണാതെ.

പതുക്കെ പേജുകള്‍ മറിച്ച് ചിത്രങ്ങള്‍ നോക്കി നോക്കി, മെല്ലെ മെല്ലെ വായന തുടങ്ങി രസം പിടിച്ച ഞാന്‍, മറ്റുള്ളവര്‍ പുസ്തകങ്ങള്‍ മറിച്ച് നോക്കുന്നതോടൊപ്പം വാങ്ങുന്നുമുണ്ട് എന്ന് മനസ്സിലാക്കാതെ പരിസരം മറന്ന് വായനയില്‍ മുഴുകി.
തദ്വാരാ, എന്നെ നോട്ട് ചെയ്ത തമിഴന്‍ കച്ചവടക്കാരന്‍റെ കണ്ണുകളെയും ഞാന്‍ തിരിച്ചറിഞ്ഞില്ല.

എന്‍റെ പരിപാടി മെഗാസീരിയല്‍ പോലെ അന്തമില്ലാതെ നീളുന്നത് കണ്ട തമിഴന്‍, ബുക്കിന്‍റെ ഒരറ്റത്ത് പിടിച്ച് "ഉനക്കിത് വേണമാ?" എന്ന് കണ്ണുരുട്ടി ചോദിച്ചതും, പരിസരബോധം തിരിച്ചുകിട്ടിയ ഞാന്‍ പെട്ടെന്ന് ചുറ്റും നിന്നവര്‍ ചെയ്യുന്നത് പോലെ അഞ്ചാറ് പേജ് മറിച്ച് നോക്കിയിട്ട് "ഓ.. വേണ്ട" എന്ന് പറഞ്ഞ് തിരികെ വെച്ചിട്ട് "എന്നാലും ഒന്നൂടെ നോക്കട്ടെ" എന്ന് പറഞ്ഞ് മന്ത്രിയുടെ തന്ത്രങ്ങള്‍ വീണ്ടും കയ്യിലെടുത്തതും മാത്രം ഓര്‍മ്മയുണ്ട്.

"അമ്പി" അന്യനായി മാറിയത് പെട്ടെന്നായിരുന്നു.

ചുട്ട വെയിലത്ത് നിന്ന് പുസ്തകം വിറ്റ് ഉപജീവനം നടത്തുന്ന ഊരുക്ക് ഉഴൈപ്പാളി തമിഴന്‍, "യോ..എന്നാ ഇത്" എന്ന് തുടങ്ങി "ദുട്ട്, ഓസ്‌, വെക്കമില്ലയാ, പുറമ്പോക്ക്" മുതലായ വാക്കുകള്‍ ഉള്‍ക്കൊള്ളുന്ന ചെറുപ്രഭാഷണത്തിലൂടെ, തമിഴ്‌ ഭാഷയില്‍ നാടന്‍ ശീലുള്ള മധുരഗാനങ്ങള്‍ മാത്രമല്ല, കേള്‍വിക്കാരുടെ ഇദയം കുളിര്‍പ്പിച്ച് നെഞ്ചം തുടിപ്പിക്കുന്ന
തായ്തമിഴ്ത്തെറികളും പിറവിയെടുത്തിട്ടുണ്ടെന്ന് എനിക്ക് മനസ്സിലാക്കിത്തന്നു.

മൂപ്പര്‍ മറ്റാരെയോ ആണ് ഈ പറയുന്നത് എന്ന മട്ടില്‍ ഞാന്‍ വളരെ മാന്യനായി, നിക്കറിന്‍റെ പോക്കറ്റില്‍ കയ്യും തിരുകി, ആ പ്രായത്തില്‍ മുഖത്ത് വരുത്താന്‍ കഴിഞ്ഞിരുന്ന മാക്സിമം ഗൗരവം വരുത്തി, സെക്രട്ടേറിയറ്റിന് മുന്നില്‍ ദിവാന്‍ സര്‍ മാധവറാവു പ്രതിമ നില്‍ക്കും പോലെ കിഴക്കോട്ട് നോക്കി അനങ്ങാതെ നിന്നു.

"പോയ്യാ..." എന്ന് പറഞ്ഞ് അവന്‍ തേന്‍മൊഴി അവസാനിപ്പിച്ചു എന്നുറപ്പ് വരുത്തിയ ശേഷവും ഞാന്‍ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയില്ല.

മന്ത്രിയുടെ തന്ത്രങ്ങള്‍ നോക്കിയിട്ട് അടുത്തുണ്ടായിരുന്ന "കപീഷ്" കൂടി ഒന്ന് മറിച്ച് നോക്കണമെന്നുണ്ടായിരുന്നു. പക്ഷെ നോക്കിയില്ല.

തിരിച്ച് ചെല്ലും മുന്‍പ് ഏതെങ്കിലും തമിഴന്‍റെ കയ്യീന്ന് തലയ്ക്ക് മാട്ടും വാങ്ങീട്ടേ വരുകയുള്ളു എന്ന് ബെറ്റ്‌ വെച്ചിട്ടൊന്നുമല്ലല്ലോ നമ്മള് രാവിലെ വീട്ടീന്നിറങ്ങിയത്.

വാല്‍കഷ്ണം:
സ്റ്റേജില്‍ നിന്നും അരക്കിലോമീറ്ററോളം ദൂരെയിരുന്ന് എസ്.പിയെ, രണ്ട് രൂപ നാണയത്തിന്‍റെ സൈസിലാണ് കണ്ടതെങ്കിലും പരിപാടി മൊത്തത്തില്‍ എന്‍ജോയബിള്‍ ആയിരുന്നു, തമിഴന്‍ പിന്നാലെയെങ്ങാനം വരുന്നുണ്ടോ എന്ന ചിന്ത എന്നെ ഇടയ്ക്കിടെ അസ്വസ്ഥനാക്കിയിരുന്നെങ്കിലും.

ഗാനമേള കണ്ടതിനേക്കാള്‍ സംതൃപ്തി തോന്നിയത്, തിരിച്ച് സ്കൂളില്‍ ചെന്ന്, ഞങ്ങള്‍ ഗാനമേള ഏറ്റവും മുന്‍പിലിരുന്നു കണ്ടു എന്നും, ഞങ്ങള്‍ വിളിച്ച് പറഞ്ഞ മൂന്ന് പാട്ടുകള്‍ എസ്.പി. പാടി കേള്‍പ്പിച്ചിട്ടാണ് പരിപാടി നിര്‍ത്തിയതെന്നും കൂടെ പഠിച്ചിരുന്ന "മറ്റു മണ്ടന്മാരെ" പറഞ്ഞ് വിശ്വസിപ്പിച്ച പ്പോഴാണ്.


/അജ്ഞാതന്‍/

Friday, September 14, 2012

സംവരക്ഷണം

ഏമാന്‍: എല്ലാരും വന്നോ?

സദസ്സ്: വന്നേ.

ഏമാന്‍: ഷൂസ് കൊണ്ട് ഏറു കൊണ്ടവന്‍ വന്നോ?

സദസ്സ്: ഉവ്വേ.

ഏമാന്‍: ചെവിക്കുറ്റിക്ക് തല്ല് കൊണ്ടവനോ?

സദസ്സ്: എല്ലാരും വന്നേമാനേ.

ഏമാന്‍: ശരി, എല്ലാരും വന്നത് നന്നായി. നമ്മുടെ ഭരണം കൊണ്ട് ജനങ്ങള്‍ കുത്തുപാളയെടുത്ത് കുന്തം വിഴുങ്ങി ഇരിക്കുവാണെന്ന്
നമ്മള്‍ക്കെല്ലാര്‍ക്കും അറിവുള്ളതാണല്ലോ.

സദസ്സ് അഭിമാനം കൊണ്ട് മന്ദഹസിച്ചു.

ഏമാന്‍: അത് കൊണ്ട് അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പ് നമ്മുടെ സംവരക്ഷണക്കാരെയെങ്കിലും കയ്യിലെടുക്കണമെന്ന് കൊച്ചമ്മ
പറഞ്ഞിട്ടുണ്ട്.

സദസ്സ്: നമുക്ക് കൊച്ചുമുതലാളിയെ വിട്ടാലോ?

ഏമാന്‍: അങ്ങുത്തരപ്രദേശത്തെ തെരഞ്ഞെടുപ്പ് ഫലം കണ്ട ശേഷം കൊച്ചമ്മ അവനെ തറവാടിന് പുറത്തെ കാറ്റ് കൊള്ളിച്ചിട്ടില്ല.

സദസ്സ്: അപ്പൊ എന്ത് ചെയ്യും?

ഏമാന്‍: സമൂഹത്തില്‍ തുല്യത ഉറപ്പ് വരുത്താനും, എല്ലാ വിഭാഗക്കാരുടെയും ഒരു പോലെയുള്ള ഉന്നമനത്തിന് വേണ്ടിയും കുറച്ച് മേഖലകളില്‍ കൂടി കൊണ്ടുവരേണ്ട മാറ്റങ്ങളെപ്പറ്റിയുള്ള നിര്‍ദ്ദേശങ്ങള്‍ കൊച്ചമ്മ തന്നിട്ടുണ്ട്.
ഞാന്‍ അതോരോന്നായി വായിക്കാം.

ഗതാഗതം.

1. സംവരക്ഷണക്കാര്‍ക്ക് ഇരുചക്രവാഹനം ഓടിക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമല്ല.

2. പക്ഷെ കാര്‍ ഓടിക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാണ്. ലൈസന്‍സ്‌ കിട്ടാന്‍ സംവരക്ഷണക്കാര്‍ "H"ന് പകരം "I" ഓടിച്ച് കാണിച്ചാല്‍ മതി.

3. അപകടം ഉണ്ടാ(ക്കി)യാല്‍ കുറ്റം ആരുടേതായാലും, അപകടമുണ്ടായത് ആരുമായാണോ, അവനില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങി സംവരണക്ഷകന് നല്‍കണം.

എതിര്‍പാര്‍ട്ടിയും സംവരക്ഷണക്കാര്യത്തില്‍ തത്തുല്യയോഗ്യനാനെങ്കില്‍ നഷ്ടപരിഹാരം അപകടം നടന്ന സ്ഥലത്തിന് ഏറ്റവും അടുത്ത് താമസിക്കുന്ന സംവരക്ഷണം ഇല്ലാത്തവന്‍റെ കയ്യില്‍ നിന്ന് വാങ്ങി കൊടുക്കും.

4. സംവരക്ഷണക്കാരന് റെഡ് സിഗ്നല്‍ ബാധകമല്ല.

5. സ്പീഡ് ലിമിറ്റിന്‍റെ കാര്യം പ്രത്യേകം പറയേണ്ടല്ലോ. മറ്റുള്ളവര്‍ക്ക് 70 കി.മി യും സംവരക്ഷണന് 120 കിമിയും.

ആരോഗ്യം.
1. സംവരക്ഷണന് എല്ലാ ആസ്പത്രികളിലും ചികിത്സ ഫ്രീ.

2. ലേബര്‍ റൂമില്‍ സംവരക്ഷണകളുടെ സുഖപ്രസവം പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ മറ്റുള്ള ഗര്‍ഭിണികളുടെ കേസ് പരിഗണിക്കാവൂ.

3. സംവരക്ഷണന്‍ ഡോക്ടര്‍ക്ക് തന്‍റെ കൈപ്പിഴ കൊണ്ട് വര്‍ഷം 25 രോഗികളുടെ വരെ മരണം അനുവദനീയമാണ്.

സിനിമ. 
1. ഒരു സിനിമയില്‍ പ്രവര്‍ത്തിക്കുന്ന അംഗങ്ങളില്‍ 40% പേര്‍ സംവരക്ഷണക്കാര്‍ ആയിരിക്കണം.

2. നായകന്‍ സംവരക്ഷണക്കാരന്‍ അല്ലെങ്കില്‍ നായിക സംവരക്ഷണക്കാരി ആയിരിക്കണം. അത് പോലെ തിരിച്ചും.
യുഗ്മഗാനങ്ങള്‍ പാടുന്ന ഗായകരുടെ കാര്യത്തിലും ഇത് ബാധകമാണ്. സംവരക്ഷണന് രണ്ട് പിച്ച് താഴ്ത്തി പാടിയാലും മതി.

3. സംസ്ഥാന/ദേശീയ അവാര്‍ഡുകളിലും 70% സംവരക്ഷണം ഉണ്ടാകും.

സ്പോര്‍ട്സ്
1. ക്രിക്കറ്റ്‌ കളിക്കുമ്പോള്‍ സംവരക്ഷണക്കാര്‍ക്ക് വേണ്ടി ഗ്രൗണ്ടില്‍ ഒരു ചെറിയ ബൗണ്ടറി വരയ്ക്കണം.
അവര്‍ക്ക് ഫോറിനും സിക്സിനും ആ ബൗണ്ടറി മതി.

2. സംവരക്ഷണക്കാരന്‍ എറിയുന്ന ഓവറില്‍ മൂന്ന് ബോള്‍ മതി. എറിയുന്ന വൈഡിനും നോബോളിനും റണ്‍ ഉണ്ടാവില്ല.

3. ഫുട്ബോള്‍  കളിക്കുമ്പോള്‍, സംവരക്ഷണക്കാരന്  പ്രത്യേകം, വലിയ ഗോള്‍ പോസ്റ്റ്‌ വേണം.

4. കളിക്കിടയില്‍ സംവരക്ഷണനെ മഞ്ഞയോ ചുവപ്പോ കാര്‍ഡ്‌ കാണിക്കാന്‍ പാടില്ല.

5. സംവരക്ഷണന്‍ റഫറിക്ക് ആരെ വേണെമെങ്കിലും റെഡ്‌ കാര്‍ഡ്‌ കാണിച്ച് പുറത്താക്കാം, വേണമെങ്കില്‍ കളി കാണുന്നവനെ വരെ.
(കട്: മൊത്തം ചില്ലറ)

വിദ്യാഭ്യാസം.
ഇനി ആനുകൂല്യം നല്‍കിയാല്‍ സന്തോഷം കൊണ്ട് അവര്‍ തന്നെ എന്നെ തല്ലിക്കൊല്ലും.

മറ്റുള്ളവ
1. സംവരക്ഷണന്‍റെ വിവാഹപ്രായം പതിനെട്ടും സംവരക്ഷണയ്ക്ക് പതിനാറും.

2. ബിവിറെജിന് മുന്നില്‍ സംവരക്ഷണക്കാര്‍ക്ക് പ്രത്യേകം ക്യൂ ഉണ്ടാകും. 10% ഡിസ്കൗണ്ടും.

3. സംവരക്ഷണക്കാരന്‍ വിവരാവകാശ നിയമത്തിന്‍റെ പരിധിക്കുള്ളില്‍ വരില്ല.

4. തീവണ്ടി ബര്‍ത്തുകളില്‍ 90% സംവരക്ഷണം. മറ്റുള്ളവന്‍ RACയില്‍ ഇരുന്ന് പോയാല്‍ മതി.

ഏമാന്‍: എങ്ങനെയുണ്ട് കാര്യങ്ങള്‍? സദസ്സെന്താ ഒന്നും മിണ്ടാതെ ഞെരിപിരി കൊള്ളുന്നത്‌?

സദസ്സ്: ഞെരിപിരി അല്ല ഏമാനേ, പുളകം കൊണ്ട് വീര്‍പ്പ് മുട്ടി ആനന്ദം കൊണ്ട് ശ്വാസം മുട്ടുന്നതാ... തെരഞ്ഞെടുപ്പില്‍ നമ്മളൊരു കലക്ക് കലക്കും. അടുത്ത ഭരണവും നമുക്ക് തന്നെ. ഹിയ്യട ഹിയ്യാ....

ഏമാന്‍: ഇത് കൊണ്ടും ഏറ്റില്ലെങ്കില്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്നെ സംവരക്ഷണന് ഇന്ധനവിലയില്‍ ഇളവും ഗ്യാസ് കുറ്റികളുടെ എണ്ണത്തില്‍ വര്‍ദ്ധനയും കൊടുക്കും. ഹല്ല പിന്നെ, എക്ണോമിക്സ് പഠിച്ചവനോടാ കളി...

/അജ്ഞാതന്‍/



Creative Commons License
http://hiddenflash.blogspot.com by Ajnaathan is licensed under a Creative Commons Attribution-NonCommercial-NoDerivs 3.0 Unported License.

Tuesday, August 28, 2012

തിരുവോണം സ്പെഷ്യല്‍ - രൈകളി ടിവി

ചാനല്‍ അധികൃതര്‍ക്ക്‌,

നമ്മുടെ പാര്‍ട്ടി അങ്ങേയറ്റം സംഘര്‍ഷം നിറഞ്ഞ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത് എന്നറിയാമല്ലോ. അതിനാല്‍, കള്ളക്കേസുകള്‍ കാരണം നഷ്ടപ്പെട്ട നമ്മുടെ പ്രതിച്ഛായ വീണ്ടെടുക്കാന്‍ നേതൃത്വം ആലോചിച്ച് ചില പദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നു.

ആദ്യ പടിയായി, ഈ തിരുവോണദിവസം നമ്മുടെ ചാനല്‍ കാണിക്കേണ്ട പരിപാടികളുടെ ലിസ്റ്റ്, പാര്‍ട്ടി താഴെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ പരിപാടി സംപ്രേക്ഷണം ചെയ്യുമ്പോള്‍ കര്‍ശനമായും പാലിക്കേണ്ട നിബന്ധനകള്‍ കൊടുത്തിട്ടുണ്ട്

05:00 - കണ്ണീരോണം.
കണ്ണൂര്‍ ജയിലിലെ എട്ടാം ബ്ലോക്കിലെ നമ്മുടെ സഖാക്കളുടെ ഓണക്കാലത്തെ ബുദ്ധിമുട്ടുകള്‍.

(ഓരോ സഖാവിന്‍റെ കേസ് ഹിസ്റ്ററി പറയുമ്പോഴും ഉ.ഡി.എഫ് ഉണ്ടാക്കിയ കള്ളക്കേസ്‌ എന്ന് എടുത്ത്‌ പറയണം.
ആ പിന്നേ, അവന്മാര്‍ കഞ്ചാവ് വലിക്കുന്നതും പ്രതിപക്ഷ ഉപനേതാവിനെ മൊബൈലില്‍ വിളിക്കുന്നതും ഒന്നും കാണിക്കരുത്.)


06:00 - ശുംഭനോണം.
സ്വന്തമായി ഒരു സെന്‍റ്  ഭൂമി പോലുമില്ലാത്തവരുടെ പ്രതീകമായ വാമനനെ മറന്ന്, ലെനിനിസ്റ്റ് സംഘടനാതത്വം ലംഘിച്ച് ബൂര്‍ഷ്വ മാവേലിയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന മലയാളിച്ചെറ്റകളോട്‌ ഓണത്തിന്‍റെ പ്രത്യയശാസ്ത്രത്തെപ്പറ്റി ശ്രീ.എം.വി.വിജയരാജന്‍.

(ഈ പരിപാടി നടക്കുമ്പോള്‍ അടിയില്‍ ഇങ്ങനെ തുടര്‍ച്ചയായി സ്ക്രോള്‍ ചെയ്യണം "Breaking News - ശുംഭന്‍ എന്നാല്‍ പ്രകാശം പരത്തുന്നവന്‍ എന്നേ അര്‍ത്ഥമുള്ളൂ, മറ്റുള്ളതെല്ലാം മാദ്ധ്യമസൃഷ്ടി എന്ന് പ്രമുഖ മലയാളം അധ്യാപകര്‍")

07:00 - ഓര്‍മ്മയിലെ ഓണം "വണ്‍ ടു ത്രീ".
ഓണക്കാലത്ത്‌ തങ്ങള്‍ നടത്തിയ രസകരമായ താത്വികാലോചനകളും പ്രവര്‍ത്തനങ്ങളും ശ്രീ. എം.എം.കിണി അയവിറക്കുന്നു.

(ഇത് തല്‍സമയം വേണ്ട. മൈക്കും ക്യാമറയും കണ്ടാല്‍,  ക്രെഡിറ്റ്‌ കിട്ടാന്‍ വേണ്ടി  ബേനസീര്‍ ഭുട്ടോയെ തട്ടിയത് വരെ പാര്‍ട്ടിയാണെന്ന് കിണിയാശാന്‍ പറഞ്ഞു കളയും.)
 
08:00 - ഉഴിച്ചില്‍ പിഴിച്ചില്‍.
ഓഗസ്റ്റ്‌ രണ്ട് ഹര്‍ത്താല്‍ ദിനത്തില്‍ തങ്ങള്‍ നടത്തിയ സുഖചികില്‍സയുടെ വിശേഷങ്ങളെപ്പറ്റി മുന്‍ ആഭ്യന്തരനും ഇ.പി.വിജയരാജനും.

(നസ്യം ചെയ്യാനായി മൂക്കിലേക്ക് ദ്രാവകം ഒഴിച്ചപ്പോള്‍ വിജയരാജന്‍ വൈദ്യന്‍റെ തന്തയ്ക്ക് വിളിച്ചത് കട്ട്‌ ചെയ്യണം.)

08:30 - പോടാ പുല്ലേ
ശ്രീ ഇ.പി. വിജയരാജന്‍ നടത്തുന്ന സാംസ്കാരിക പ്രഭാഷണം.

09:00 - വിട്ട് പോയ കീടങ്ങള്‍.
മുന്നണി വിട്ടു പോയ ചെറ്റകളെപ്പറ്റി പാര്‍ട്ടി സെക്രട്ടറിയുടെ തത്സമയ പ്രഭാഷണം.

11:00 - അയ്യോ എന്‍റെ മുട്ട്.
കെ.കെ.ഗാരേഷ്‌ മുട്ട് തിരുമ്മിക്കൊണ്ട് പ്രകടിപ്പിക്കുന്ന പ്രതിഷേധം.

തിരുവഞ്ചൂര്‍ പോലീസ് കള്ളക്കേസില്‍ കുടുക്കി ചോദ്യം ചെയ്യുമ്പോള്‍, പാര്‍ട്ടി പ്രവര്‍ത്തകരുടെ മാരക രോഗങ്ങളായ മുട്ട് വേദന, ചൊറി, ചുമ, വിശപ്പിന്‍റെ അസുഖം, വായു, തുമ്മല്‍, മൂക്കടപ്പ് എന്നിവയെ അവഗണിക്കുന്നതിലുള്ള ശക്തമായ പ്രതിഷേധം.

(പരിപാടിക്കിടയില്‍ കെ.കെ.ഗാരേഷ്‌ മുട്ട് വേദന കൊണ്ട് പുളയുന്ന രംഗങ്ങള്‍ ഇടയ്ക്കിടെ കാണിക്കണം. എന്നാലേ അണികള്‍ക്ക് ഒരു ഒരു "ഇത്" തോന്നൂ)
 
ഉച്ചയ്ക്ക് 12 മണിക്ക് പ്രത്യേക പരിപാടി "തെറിയോണം".
(ഇത് നമ്മള്‍ ഉ.ഡി.എഫിന് കൊടുക്കുന്ന ഒരു ഓണപ്പാരയാണ്. പി.സി.കോര്‍ജ് ചീഫ് വിഴുപ്പുമായിട്ട് ഒരു തല്‍സമയ ഇന്റര്‍വ്യൂ.
"ഗണേശന്‍ ചെയ്തതല്ലേ ശരി?" എന്ന് വെറുതേ ഒന്ന് ചോദിച്ചാല്‍ മതി. ബാക്കി അങ്ങേര് ഏറ്റെടുത്തോളും.)



01:00 - അഴിക്കുള്ളിലെ പീഡനം.
എല്‍.എം.എ വി.ടി.ജാരേഷ്‌ ജയിലിലെ അനുഭവങ്ങളെപ്പറ്റി.

(നെഞ്ചത്തെ മറുക് കാണിച്ചിട്ട് ജയിലര്‍ ലാത്തി കൊണ്ട് കുത്തിയതാണെന്ന് അവനോട് പറയാന്‍ പറയണം. പരിപാടിക്കിടെ മോങ്ങരുതെന്ന് സെക്രട്ടറി നിഷ്ക്കര്‍ഷിച്ചതായി പ്രത്യേകം പറയണം.)

02:00 - ബ്ലോക്ക്‌ ബസ്റ്റര്‍ ഡോക്യുമെന്ററി "ബന്ധുക്കള്‍ ശത്രുക്കള്‍".
(തിരക്കഥ, സംഭാഷണം, സംവിധാനം - വല്ല കൊള്ളാവുന്നവരുടെയും പേര് വെച്ചോ. നമ്മുടെ സെക്രട്ടറിയാണ് ഇതിന്‍റെ പിന്നിലെന്ന് മനസ്സിലാക്കരുത്.
കരി വാരി തേയ്ക്കേണ്ടത് ആരെയാണെന്ന് അറിയാമല്ലോ? - ആ മറ്റേ സെക്രട്ടറിയെ. അവന്‍ തന്നെ, മുടി വളര്‍ത്തിയവന്‍. പരിപാടി കണ്ട് കഴിഞ്ഞാല്‍ പിന്നവനെ അവന്‍റെ ആള്‍ക്കാര്‍ തന്നെ പെരുമാറണം.)


05:00 - വിവിധ ഓണക്കളികള്‍
തലവെട്ടിക്കളി - മൊടി സുനിയും സംഘവും.
നേതാക്കളെ ഒളിപ്പിക്കല്‍ - മുന്‍ ആഭ്യന്തരന്‍ മോടിയേരി ബാലകൃഷ്ണന്‍.
കോടതിയെ നിയമം പഠിപ്പിക്കല്‍ -ധീരസഖാവ് എം.വി.വിജയരാജന്‍ & ഭീകരന്‍ കെ.ധുസാകാരന്‍.
സുന്ദരിക്ക് ഒരു ബോംബേറ് - വീണ്ടും മുന്‍ ആഭ്യന്തരന്‍ മോടിയേരി ബാലകൃഷ്ണന്‍.
ഗൂഢാലോചനക്കളി - കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പി.വിജയരാജന്‍ & അടുത്ത ദിവസം അകത്ത് പോകുന്ന എം.എം.കിണി.

06:00 - നമ്മുടെ പാര്‍ട്ടി അക്രമരാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നില്ലെന്നും ഇപ്പോഴും തത്വങ്ങളില്‍ അടിയുറച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്നും നമ്മുടെ നേതാക്കാള്‍ പറയുന്ന വീഡിയോ ക്ലിപ്പുകള്‍.

ഏഴ് മണി തൊട്ട് പ്രത്യേക പരിപാടി ഒന്നും വേണ്ട. തിരുവോണം ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല. മുടിയാനായിട്ട് ഏതേലും ചാനലില്‍ സീരിയല്‍ ഉണ്ടെങ്കിപ്പിന്നെ, അണികളുടെ വീട്ടില്‍ പോലും നമ്മുടെ ചാനല്‍ ആരും കാണില്ല..

അപ്പൊ ശരി.
എല്ലാം പറഞ്ഞ പോലെ. നിര്‍ത്തട്ടെ കുറച്ച് തിരക്കുണ്ട്‌.

സഖാവിനെ അറസ്റ്റ് ചെയ്തപ്പോള്‍ അദ്ദേഹത്തെ നോക്കിച്ചിരിച്ച പയ്യന്‍റെ പടം എം.എം.എസ് കിട്ടിയിട്ടുണ്ട്.
ഒന്ന് കൈകാര്യം ചെയ്തിട്ട് വരാം.

അപ്പൊ ഹാപ്പി ഓണം.

ലാല്‍സലാം.
പാര്‍ട്ടി പ്രതിനിധി,
കണ്ണൂര്‍.

സമര്‍പ്പണം: അഭിമാനത്തോടെ ചൂണ്ടിക്കാട്ടാന്‍ ആദര്‍ശവാന്മാരായ പത്ത് നേതാക്കള്‍ പോലുമില്ല എന്ന് തിരിച്ചറിഞ്ഞിട്ടും, അവരെ ആരാധിക്കുന്ന, അവരുടെ ചെയ്തികളെ കണ്ണടച്ച് ന്യായീകരിക്കുന്ന, അവര്‍ പറയുന്നത് മാത്രമാണ് ശരി എന്ന് കരുതുന്ന ചില ഇരുകാലികള്‍ക്ക്.

/അജ്ഞാതന്‍/


Creative Commons License
http://hiddenflash.blogspot.com by Ajnaathan is licensed under a Creative Commons Attribution-NonCommercial-NoDerivs 3.0 Unported License.

Saturday, April 14, 2012

ഫ്ലാഷ്ബാക്ക് - 04 (കസിന്‍സ്)

"എന്നാ നിങ്ങളുടെ കസിന്‍സ് വരുന്നേ..?"

വല്ല്യവധിക്ക് ഞങ്ങള്‍ ചെല്ലുന്നതറിഞ്ഞ് വളരെയധികം excited ആയ കുര്യന്‍, ഈ ചോദ്യം സ്ഥിരമായി ചോദിച്ച് അനിയേയും സുനിച്ചേട്ടനേയും "ഈ കുരിപ്പിന്
ഇതെന്നാത്തിന്‍റെ കേടാ?" എന്ന സംശയം മനസ്സിലുദിപ്പിച്ചു.

കുര്യന്‍, അനിസുനിമാരുടെ അയല്‍ക്കാരനാണ്. NRI കിടാവ്‌, പരമ്പരാഗത സത്യക്രിസ്ത്യാനി വംശജന്‍, തികഞ്ഞ വിശ്വാസി, എല്ലാ ഞായറാഴ്ചയും പള്ളീല്‍ പോയി അച്ചന്‍റെ പ്രസംഗം കേട്ടുറങ്ങും.

വെക്കേഷന്‍ ഞങ്ങളോടൊപ്പം ആഘോഷിക്കാന്‍ തയ്യാറായി കുര്യന്‍ കച്ച കെട്ടി കാത്തിരിക്കുകയായിരുന്നു.

അനിയും സുനിച്ചേട്ടനും, എന്‍റെയും ചേട്ടന്‍റെയും കസിന്‍സ് ലിസ്റ്റിലെ Most Wanted VVIPs ആണ്.

ടിയാന്മാരെ പറ്റിയും, എനിക്കും ചേട്ടനും അവരോടുള്ള ആത്മബന്ധത്തെപ്പറ്റിയുമുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഫ്ലാഷ്ബാക്ക് കഥകളുടെ താഴത്തെ ലിങ്കുകളില്‍ ക്ലിക്കുക.
ഫ്ലാഷ്ബാക്ക്-01
ഫ്ലാഷ്ബാക്ക്-02
  
ഞങ്ങള്‍ നാലും വളരെ മര്യാദക്കാരും സമാധാനപ്രിയരുമായിരുന്നു.

ഞാനും ചേട്ടനും മാടനും മറുതയും പോലെ പരോപകാരികളായിരുന്നുവെങ്കില്‍, അനിയും സുനിച്ചേട്ടനും ആറ്റം ബോംബും പൊട്ടാസ്യം സയനേഡും പോലെ
നിരുപദ്രവകാരികളായിരുന്നു.

അനിസുനിമാരുടെ താവളത്തിലെ ഞങ്ങളുടെ പ്രധാനവിനോദങ്ങളിലൊന്ന് ക്രിക്കറ്റ്‌ ആയിരുന്നു.

ഞങ്ങള്‍ക്ക് അവിടെയാകുമ്പോ അച്ഛന്‍റെ അടി പേടിക്കാതെ കളിക്കാം. വീട്ടില്‍ ക്രിക്കറ്റ്‌ കളിക്കുമ്പോള്‍ ഓട്, പുറത്തെ ബള്‍ബ്‌ എന്നീ സാധനങ്ങള്‍ ഞങ്ങള്‍ പന്തടിച്ച് പൊട്ടിക്കുകയും, തുടര്‍ന്ന് അച്ഛന്‍ ഞങ്ങളെ പൊട്ടിക്കുകയും ചെയ്യുന്നത്, അന്നാട്ടില്‍ സൂര്യാസ്തമയങ്ങള്‍ പോലെ പുതുമയില്ലാത്ത സംഭവങ്ങളായിരുന്നു. 

വൈദ്യുതി ബോര്‍ഡില്‍ ജോലി ചെയ്തിരുന്നത് കൊണ്ടാവാം, അക്കാലത്ത് അച്ഛന്‍റെ അടി കൊള്ളുമ്പോ ശരീരത്തില്‍ ഒരു 240 വോള്‍ട്ട് ഷോക്ക്‌ അടിച്ച ഫീലിംഗ് കിട്ടിയിരുന്നു.

അനിസുനിമാരുടെ വീട്ടില്‍ കളിക്കുമ്പോള്‍ വല്ല നാശവും സംഭവിച്ചാല്‍, ചിറ്റപ്പന്‍ അവരെ ഇട്ട് പൊട്ടിച്ചോളും. വിരുന്നുകാരായ ഞാനും ചേട്ടനും രക്ഷപ്പെടും.

അവിടത്തെ ക്രിക്കറ്റ്‌ കളിക്ക് താല്‍പര്യം കൂടാന്‍ മറ്റ് ചില കാരണങ്ങളുമുണ്ട്. അവിടെ ഒറിജിനല്‍ ബാറ്റും സ്ടംപ്സും ഒക്കെ ഉണ്ട്..

എന്‍റെ നാട്ടില്‍ ക്രിക്കറ്റ്‌ കളിക്കണമെങ്കില്‍ ആദ്യം വേണ്ടത് വെട്ടിരുമ്പാണ്...
തെറ്റിദ്ധരിക്കണ്ട...ബാറ്റ് ഉണ്ടാക്കാന്‍ ഓലമടല്‍ കീറാനാണ്.

മാത്രമല്ല, കൂടെ കളിക്കാന്‍ നാട്ടിലെപ്പോലെ, പന്തും ബാറ്റും പിടിക്കാനറിയാത്ത, "സച്ചിനെന്ന് കേട്ടാല്‍... കൊച്ചിനോ..?" എന്ന് ചോദിക്കുന്ന വിപിനും വേണുവും ഒന്നുമല്ല  അവിടെയുള്ളത്.‍.
സച്ചിനെയും ഗവാസ്കറിനെയും  ഒക്കെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിവുള്ള  കുര്യനും രതീഷും ഒക്കെ അവിടെ ഉണ്ട്.

അങ്ങനെ പരീക്ഷകളൊക്കെ തീര്‍ന്ന്, വല്ല്യവധി തുടങ്ങി ആദ്യത്തെ ഞായറാഴ്ച ദിവസം തന്നെ ഞാനും ചേട്ടനും ഉത്സാഹത്തോടെ ഉണര്‍ന്ന്, കുളിച്ചെന്ന്‍ വരുത്തി, പ്രാതല്‍ നന്നായി കഴിച്ച്‌,  ബാഗും പാക്ക് ചെയ്ത്, "നശീകരണപ്രവര്‍ത്തനങ്ങളില്‍ ഒന്നും ഏര്‍പ്പെടരുത്...വഴക്ക് കൂടരുത്...ചിറ്റയേം ചിപ്പനേം ബുദ്ധിമുട്ടിക്കരുത്" എന്നീ പതിവുപദേശങ്ങള്‍  ഒരു ചെവിയില്‍ കൂടി കേട്ട്, മറ്റേ ചെവിയിലൂടെ പറത്തി വിട്ടിട്ട് 9 :15 ന്‍റെ രോഹിണി ബസില്‍ കയറി പുറപ്പെട്ടു...

രോഹിണി ബസിലെ കണ്ടക്ടര്‍ ഒരു തികഞ്ഞ കലാസ്വാദന ശേഷിരഹിതനായിരുന്നു..എല്ലാ യാത്രകളിലും  ഞങ്ങളോട് പാട്ട് പാടാന്‍ പറയും..
ഞങ്ങളുടെ പാട്ട് (പ്രത്യേകിച്ച്എന്‍റെ പാട്ട്) ഒന്നില്‍ കൂടുതല്‍ തവണ കേള്‍ക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവനെ "കലാസ്വാദനശേഷിരഹിതന്‍" എന്നല്ലാതെ എന്ത് വിളിക്കാന്‍..?

അയാള്‍ക്ക്‌ ഒരിക്കല്‍ ഞാന്‍ "രാമകഥാ ഗാനലയം" വരെ പാടിക്കൊടുത്തിട്ടുണ്ട്. ഹൊ, കടുംവെട്ട് പരിപാടിയായിപ്പോയി.  

യാത്ര കഴിഞ്ഞ് ലക്ഷ്യത്തിലെത്തി തീറ്റയും കുടിയും ചില്ലറ വിശ്രമവും കഴിഞ്ഞ് അനിസുനിമാര്‍ ഞങ്ങളെ കുര്യന് പരിചയപ്പെടുത്തി.

കുര്യന്‍ കണ്ണട ധരിച്ച ഒരു തടിയന്‍ ആയിരുന്നു... വണ്ണമില്ലായ്മ ഒരു കോംപ്ലെക്സ് ആയി കൊണ്ട് നടന്ന എനിക്കന്ന്, വണ്ണമുള്ളവരോട് പ്രത്യേക ബഹുമാനമായിരുന്നു...

ഞങ്ങള്‍ കളിക്കുന്ന പുതിയ ബാറ്റിന്‍റെയും ബൗളിന്‍റെയും ഒക്കെ ഉടമ അവനാണ് എന്നറിഞ്ഞപ്പോള്‍ അവനോടുള്ള എന്‍റെ ബഹുമാനം ലിഫ്റ്റ്‌ കയറാതെ രണ്ട് നില പൊക്കത്തിലെത്തി.

വൈകുന്നേരം ക്രിക്കറ്റ്‌കളി തുടങ്ങി. കുര്യന്‍റെ ബാറ്റിങ്ങും, ഓവറില്‍ ഏഴ് വൈഡില്‍ കുറയാതെയുള്ള ബോളിങ്ങും, റണ്‍സ് എടുക്കാനുള്ള ഓട്ടത്തിന് ശേഷം കണ്ണ് തള്ളിയുള്ള കിതപ്പും കണ്ടപ്പോള്‍ ഞാന്‍ മനസ്സിലാക്കി - അദ്ദേഹം സ്പോര്‍ട്സ് രംഗത്ത് വിചാരിച്ചത്ര പോര.

കുര്യന്‍ മിക്കവാറും സുനിച്ചേട്ടനോടും എന്നോടും ഒപ്പം ഒരു ടീമില്‍ ആവും കളിക്കുക.
എതിര്‍ടീമില്‍ അനിയോടും രഞ്ജിച്ചേട്ടനോടും ഒപ്പം, രതീഷ്‌ എന്ന സ്വയംപ്രഖ്യാപിത കൗമാരകോമളനും ഉണ്ടായിരുന്നു.

സ്വന്തം സൗന്ദര്യാരാധകനായ രതീഷ്‌, തന്‍റെ മൂന്നിരട്ടി വലിപ്പമുള്ള റാലി സൈക്കിള്‍ ഏന്തിവലിച്ചു ചവിട്ടി ആണ് വരുന്നത്.

ഓരോ ഓവര്‍ കഴിയുമ്പോളും, പോക്കറ്റില്‍ നിന്നു ചീപ്പ്‌ എടുത്ത് രതീഷ്‌ മുടി ചീകും. എന്നിട്ട് മുടി ശരിയായി തന്നെ ആണെന്ന് രണ്ടു കൈകള്‍ കൊണ്ട്‌ തപ്പി നോക്കി ഉറപ്പു വരുത്തും.

കളിയുടെ  കാര്യത്തില്‍ രതീഷ് കുര്യനെനെക്കാള്‍ കഷ്ട്ടിച്ച് ഒരു പടി മുകളിലാണ്.
ഓവറില്‍ നാല് വൈഡില്‍ കൂടില്ല.

കുര്യന്‍ ബാറ്റ് ചെയ്യുമ്പോള്‍, മിക്കവാറും മൂന്നോ നാലോ പന്തിനുള്ളില്‍ തന്നെ ഔട്ട്‌ ആകും.
ബൗള്‍ ചെയ്‌താല്‍ അനിയോ രഞ്ജിച്ചേട്ടനോ പന്തടിച്ച് റോഡിനും, താഴെ പറമ്പിനും അപ്പുറമുള്ള അച്ചായന്‍റെ കടയുടെ സമീപം എത്തിക്കും....
ചുരുക്കി പറഞ്ഞാല്‍ ഓള്‍റൗണ്ട് പരാജയം.

ഏതാനം ദിവസങ്ങള്‍ കൊണ്ട്‌ തന്നെ കുര്യന്‍റെ കളി ഞങ്ങള്‍ക്ക് മടുത്തു. ക്രിക്കറ്റ്‌ കളിക്കുന്ന ബാറ്റ് അടക്കമുള്ള സ്ഥാവരജംഗമങ്ങള്‍ അവന്‍റെ ആയതു കൊണ്ട്‌ ഞങ്ങള്‍ ക്ഷമിച്ച് സഹിച്ച് സഹകരിച്ചു.

പിന്നെ പിന്നെ, ടീം തീരുമാനിക്കുമ്പോള്‍ തന്നെ ഞങ്ങള്‍ തുറന്നു പറയാന്‍ തുടങ്ങി...
"കുര്യനെ ഞങ്ങള്‍ക്ക് വേണ്ട....നിങ്ങളെടുത്തോ..!!! "
അപ്പുറത്തെ ടീമിന്‍റെ മറുപടി "ഞങ്ങള്‍ക്കും വേണ്ട...നിങ്ങള് തന്നെ അങ്ങ് കളിപ്പിച്ചാല്‍ മതി...!!! "

മിക്കവാറും മേല്‍പ്പറഞ്ഞ സംഭാഷങ്ങള്‍ എന്‍റെ വക തന്നെയായിരുന്നു.
ആ പാവം എങ്ങനെയോ എല്ലാ മാനസിക പീഡനങ്ങളും സഹിച്ച് കളി തുടര്‍ന്നു..

ഒരു ദിവസം അടിപ്പിച്ച് ഒമ്പത് വൈഡ്‌ എറിഞ്ഞ കുര്യനോട്, ഒരു പന്തെങ്കിലും നേരെ വരും നേരെ വരും എന്ന് കരുതി ബാറ്റ് പിടിച്ച് ക്രീസില്‍ നിന്ന ഞാന്‍, ഒടുവില്‍ ക്ഷമ കെട്ട് ബഹുമാനപൂര്‍വ്വം "വീട്ടില്‍ പോയിരിക്കെടാ അലവലാതീ" എന്ന് പറഞ്ഞു. അപമാനം സഹിക്കാനാവാതെ അവന്‍ എന്‍റെ നേരെ കോര്‍ത്തു കൊണ്ട്‌ വന്നു...

എന്‍റെ രക്ഷകനായ സുനിച്ചേട്ടന്‍ അടുത്തുള്ളപ്പോള്‍ ഞാന്‍ ആരെ പേടിക്കാന്‍?
നിലത്തുറപ്പിച്ചിരുന്ന ഒരു സ്ടംപ്‌ ഊരി (കുര്യന്‍റെ അപ്പന്‍ ബഹറനില്‍ നിന്നയച്ച കാശ് കൊടുത്ത് വാങ്ങിച്ച സ്ടംപ്‌) കുര്യന്‍റെ ചന്തിക്ക് സര്‍വ്വ ശക്തിയുമെടുത്ത് ഡോള്‍ബി ഡിജിറ്റല്‍ ശബ്ദത്തോടെ അടിച്ചിട്ട്, അവന്‍റെ വീടിരുന്ന ദിക്ക് ചൂണ്ടി ഞാന്‍ അലറി "...ഓടെടാ മങ്കീ...!!! "

നാലാം ക്ലാസ്സില്‍ പഠിച്ചിരുന്ന എനിക്കന്ന് ഒരു ഇരുപതു കിലോ തൂക്കം കാണും. എന്നെക്കാള്‍ നാല് വയസ്സ് മൂപ്പുള്ള കുര്യന് അമ്പതില്‍ കുറയാതെയും...സുനിച്ചേട്ടന്‍റെ സംരക്ഷണ വലയത്തില്‍ നിന്നു കൊണ്ട്‌ ഭയലേശമന്യേ എന്നെക്കാള്‍ കായബലമുള്ള ഒരുവനുമേല്‍ അങ്ങനെ ഞാന്‍ ആദ്യമായി കൈ വെച്ചു.     

കുര്യന്‍ ഒരു സഹായത്തിനായി ചുറ്റും നോക്കി. ആരും സഹായിച്ചില്ല.

കൊതുകിന്‍റെ കനമുള്ള എന്നെ തിരിച്ച് തല്ലിയാല്‍, സംഗതി കൊലക്കേസായി, പതിനെട്ട് വയസ്സ് വരെയുള്ള ജീവിതം ദുര്‍ഗുണപരിഹാരപാഠശാലയ്ക്ക് ഡെഡിക്കേറ്റ് ചെയ്യേണ്ടി വരുമോ എന്ന് പേടിച്ചിട്ടായിരിക്കാം കുര്യന്‍ അന്ന് എന്നെ ഒന്നും ചെയ്തില്ല.

നിറഞ്ഞ കണ്ണുകളോടെ മൂട് തൂത്ത് കൊണ്ട് കുര്യന്‍ സ്വന്തം വീട്ടിലേക്ക് തിരിഞ്ഞ് നടന്ന ആ നടപ്പ്, ഞാന്‍ തികഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ നോക്കി നിന്നു.

എന്നെക്കാള്‍  ശരീരവലിപ്പവുമുള്ളവനെ ഒന്ന് പൊട്ടിക്കാന്‍ കഴിഞ്ഞതിന്‍റെ കൃതാര്‍ഥത അന്ന് എന്നെ ഉറക്കത്തില്‍ പോലും രോമാഞ്ചകഞ്ചുകനാക്കിയിരുന്നു.

പിന്നെ രണ്ട് ദിവസത്തേക്ക് കുര്യനെ കണ്ടില്ല. മൂന്നാം ദിവസം അവിടേക്ക് വന്ന കുര്യന്‍ എന്നെക്കണ്ട് ഗേറ്റ് കടക്കാതെ റിവേര്‍സ് ഇട്ട് തിരിച്ച് പോയി.

നാലാം ദിവസം കുര്യന്‍ രഹസ്യമായി വന്ന്, ഞങ്ങള്‍ ചെല്ലുന്നതിന് മുന്‍പുള്ള വികാരത്തിന്‍റെ നേര്‍വിപരീതമായ കടുത്ത നിരാശയില്‍, പ്രത്യാശയുടെ മിന്നാമിന്നിവെട്ടം തെളിയുന്ന മുഖത്തോടെ അനിയോടും സുനിച്ചേട്ടനോടും ചോദിച്ചു....

"ഡേ...നിങ്ങള്‍ടെ കസിന്‍സ് എന്നാണു തിരിച്ച് പോകുന്നത്.....?"

/അജ്ഞാതന്‍/


Tuesday, April 10, 2012

18+18+15 = 75 ആണെന്ന് തെളിയിക്കുക.

ഇങ്ങനെ ഒരു കാര്യം നിങ്ങളോട് ആരെങ്കിലും ചോദിക്കുകയും നിങ്ങള്‍ക്ക് അതിന് ഉത്തരം നല്‍കാന്‍ കഴിയാതെ വരികയും ചെയ്‌താല്‍, ആ ഉത്തരം തേടി നിങ്ങള്‍ യാത്ര ചെയ്യേണ്ടത് തിരുവനന്തപുരം ന്യൂ തിയേറ്ററിലേക്കാണ്.

 സിനിമ തുടങ്ങും മുന്‍പ് രണ്ട് സെവന്‍ അപ്പും ഒരു കുപ്പി വെള്ളവും വാങ്ങി അകത്ത് കയറിയ ഞാന്‍, പരസ്യം കാണുന്നതിനിടയില്‍ വെറുതേ ഒരു കൗതുകത്തിന് MRP കൂട്ടി നോക്കി. 51 രൂപ. എന്‍റെ കയ്യില്‍ നിന്ന് വാങ്ങിയത് വെറും 75 രൂപ.

വില്‍പന നടത്തിയ മഹാന് തെറ്റ് പറ്റിയതാവും എന്ന് കരുതി ചോദിക്കാന്‍ ചെന്ന എനിക്ക് തെറ്റി. 24 രൂപ കൂടുതലാണ് വാങ്ങിയത് എന്ന് പറഞ്ഞ എനിക്ക്, മൂപ്പര്‍ ഒന്ന് സംശയിച്ചിട്ട് പത്ത് രൂപ തിരികെ തന്നു.

"ബാക്കിയോ..?" എന്ന എന്‍റെ ചോദ്യത്തിന് വിനയപൂര്‍വ്വം "വേണേല്‍ പോയി കംപ്ലൈന്റ്റ്‌ ചെയ്യ്" എന്ന് മറുപടി പറഞ്ഞു.

കംപ്ലൈന്റ്റ്‌ കേള്‍ക്കാനോ നടപടി എടുക്കാനോ അവിടെയൊരു ഡാഷും ഇല്ലായിരുന്നു. ആ ധൈര്യമാവും അവനെക്കൊണ്ടത് പറയിപ്പിച്ചത്.

അതേ ദിവസം എത്രയോ പേര്‍ സാധനങ്ങള്‍ അവിടെ നിന്ന് വാങ്ങി. അതില്‍ ഭൂരിഭാഗവും തങ്ങള്‍ കൊടുത്ത പണം വാങ്ങിയ സാധനത്തിന്‍റെ വിലയാണോ എന്ന് ചിന്തിച്ച് കാണില്ല.

ഈ അധികം വാങ്ങുന്ന പണത്തില്‍ നല്ലൊരു ശതമാനവും മൂപ്പര്‍ തന്നെ മുക്കും എന്നുറപ്പ്. മാനേജ്‌മന്റ്‌ നേരത്തെ നിശ്ചയിച്ചുറപ്പിച്ച വിലയാണെങ്കില്‍ മൂപ്പര്‍ എനിക്ക് ആ പത്ത് തിരിച്ച് തരുമായിരുന്നില്ല.

വെറുതെ ഒന്ന് കണക്ക് കൂട്ടി നോക്കിയാല്‍ നമ്മുടെ അശ്രദ്ധയെ ചൂഷണം ചെയ്ത് ആ ഗണിതപണ്ഡിതന്‍ ഒരു ദിവസം ഉണ്ടാക്കുന്ന പണം ആയിരങ്ങള്‍ വരും.

തിയേറ്ററുകളില്‍ MRPയേക്കാള്‍ കൂടുതല്‍ തുകയ്ക്ക് സ്നാക്സ്‌ വില്‍ക്കുന്നത് പുതുമയല്ലെങ്കിലും ഇത്ര ലാര്‍ജ്‌ സ്കെയില്‍ വെട്ടിപ്പ് ആദ്യമായാണ്‌ കാണുന്നത്.

മുന്‍പ് പലരും മനോരമ മെട്രോ വഴി ഈ വില വ്യത്യാസം റിപ്പോര്‍ട്ട്‌ ചെയ്തെങ്കിലും തിരു നഗരസഭ ഇതിനെതിരെ ഒരു തേങ്ങാക്കുലയും ഇതുവരെ ചെയ്തതായി അറിവില്ല.
ഈ പോസ്റ്റ്‌ കണ്ടിട്ട് പുതുതായി ഒരു മാങ്ങാത്തൊലിയും ഇനി ചെയ്യുമെന്നും തോന്നുന്നില്ല.

എങ്ങാനം അബദ്ധവശാല്‍ ന്യൂ തിയേറ്റര്‍ മാനേജര്‍ ഇത് കണ്ട് നടപടിയെടുക്കുമെന്നും ഞാന്‍ കരുതുന്നില്ല.

ഇതോടെ ഞാന്‍ ഒരു കാര്യം തീരുമാനിച്ചു. എന്നാല്‍ കഴിയുന്ന കാര്യം.
ഇനി ന്യൂയില്‍ നിന്ന് സിനിമ കാണുന്നതല്ലാതെ വേറെ ഒരു സാധനവും വാങ്ങുന്ന പരിപാടിയില്ല.

അത് 14 രൂപ പോയത് കൊണ്ടല്ല. ഈ പറ്റിക്കല്‍ കലാപരിപാടിയില്‍ നിന്ന് എന്‍റെ എളിയ സംഭാവനയെങ്കിലും ഒഴിയട്ടെ എന്ന് കരുതിയാണ്.

ഈ പോസ്റ്റ്‌ വായിക്കുന്ന ഏതെങ്കിലും ഒരാള്‍ ഇത് പോലെ ചിന്തിച്ച് ചെയ്‌താല്‍ എനിക്കൊരു രോമാഞ്ചവും തോന്നില്ല. അവന് ആ കാശ് ലാഭം. അത്ര തന്നെ.

ചില വാല്‍ക്കഷ്ണങ്ങള്‍‍.
1. ബൈക്ക് കൊണ്ട് വെക്കുമ്പോള്‍ ശ്രീകുമാര്‍ തിയേറ്ററിലെ പാര്‍ക്കിംഗ് സ്റ്റാഫ്‌ പറയുന്നത് "പാര്‍ക്കിംഗ് ടിക്കറ്റ്‌ മൂന്ന് രൂപ. പക്ഷെ അഞ്ച് രൂപ തരണം."
2. കൈരളി തിയേറ്ററില്‍ പാര്‍ക്കിംഗ് ടിക്കറ്റ്‌ എടുത്ത് നമ്മള്‍ പണം കൊടുത്താല്‍ ബാക്കി തരില്ല. "ചില്ലറയില്ല. ഷോ കഴിഞ്ഞ് തരാം." എന്ന് മറുപടി.
ഷോ കഴിഞ്ഞാല്‍ ബാക്കിയുമില്ല. അവനുമില്ല
3. തിരുവനന്തപുരത്തെ ഒട്ടു മിക്ക തിയേറ്ററുകളിലും AC എന്നാല്‍ "അല്‍പനേരം കൂളിംഗ്‌" എന്നാണെന്ന് പരസ്യമായ രഹസ്യം മാത്രം.

/അജ്ഞാതന്‍/

Sunday, January 8, 2012

ആഗ്രഹം.


പണ്ട് മുതലേയുള്ള ആഗ്രഹമാണ് ഒരു പോലീസുകാരനെ എന്‍റെ ലൈസന്‍സ്‌ കാണിക്കുക എന്നത്.
ഈ ആഗ്രഹം ലക്ഷത്തില്‍ ഒരാള്‍ക്ക്‌ മാത്രം ഉണ്ടാകുന്ന വല്ല മഹാരോഗത്തിന്‍റെ ലക്ഷണമാണോ എന്നറിയില്ല.

പണ്ട് ലൈസന്‍സ്‌ ഇല്ലാത്ത കാലത്ത് ബൈക്ക് ഓടിച്ചതിന് പോലീസ് പിടിച്ചപ്പോഴാണ് ഇത് തുടങ്ങിയത്. ലൈസന്‍സ്‌ എടുത്തിട്ട് വേണം ഇവന്മാരെയൊക്കെയൊന്ന് "കാണിച്ച് കൊടുക്കാന്‍" എന്ന് ഞാനന്ന് മനസ്സിലുറപ്പിച്ചു.

പക്ഷെ ലൈസന്‍സ്‌ എടുത്ത ശേഷം, ഇത് വരെ ഒരു പോലീസുകാരനും എന്നെ വഴിയില്‍ തടഞ്ഞിട്ടില്ല. തുടിക്കുന്ന ഹൃദയവുമായി എന്‍റെ ലൈസന്‍സ്‌ കാത്തിരുന്നു.

തിരുവനന്തപുരത്ത് ഇന്നലെ ഒരു കല്യാണം കൂടി, ചില്ലറ കറക്കവും നടത്തി, മുറിയില്‍ ഒതുങ്ങാനായിരുന്നു എന്‍റെ പ്ലാന്‍. പക്ഷെ നിമിത്തം മറ്റൊന്നായിരുന്നു.
ചില നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാന്‍ ഇന്നലെ നാട്ടിലേക്ക് വരേണ്ടി വന്നു.

സാധാരണ നമ്മുടെ വണ്ടി സ്റ്റാന്റ് വിടുന്നത് കഴക്കൂട്ടത്ത് നിന്നായതിനാല്‍ എന്‍റെ സ്ഥിരം നാട്ടില്‍പോക്ക് കഴക്കൂട്ടം വെഞ്ഞാറമ്മൂട് കൊട്ടാരക്കര റൂട്ടിലാണ്.
ഇത്തവണ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടതിനാല്‍ റൂട്ട് നാലാഞ്ചിറ വെമ്പായം വഴിയാക്കിയത് മണ്ണന്തല ഫോര്‍ ട്രാക്ക്‌ റോഡില്‍ കൂടി ഒന്ന് പറത്താന്‍ വേണ്ടി കൂടിയായിരുന്നു.

പക്ഷെ, ഈപ്പറഞ്ഞ ഫോര്‍ ട്രാക്ക്‌ റോഡിന്‍റെ ഒരു ട്രാക്ക്‌, മൊത്തമായും ചില്ലറയായും പാര്‍ക്കിംഗിന് വേണ്ടി പലരും കൈവശപ്പെടുത്തുകയും ബാക്കിയുള്ള റോഡില്‍ കൂടി നെഞ്ചും വിരിച്ച് ഏഴ് ടൂറിസ്റ്റ്‌ ബസ്സുകള്‍ "Road is for Tourist Bus, Other vehicles should follow us" എന്ന തത്വം ഉറച്ച് വിശ്വസിച്ച് നിരങ്ങുകയും ചെയ്തപ്പോള്‍ "തേര്‍ഡ്- ഫോര്‍ത്ത്‌- തേര്‍ഡ് -ഫോര്‍ത്ത്‌" എന്നിങ്ങനെ ഗിയര്‍ മാറി പ്രാന്തായ ഞാന്‍ ഫോര്‍ ട്രാക്ക്‌ ഡ്രൈവിംഗ് സ്വപ്നം മറന്ന് "ഈ കുരിശ് റോഡ്‌ എങ്ങനേലും ഒന്ന് തീര്‍ന്നാല്‍ മതിയായിരുന്നു" എന്ന അവസ്ഥയിലെത്തി.

ഒടുവില്‍ ചേതോഹരമായി സപ്ത ടൂറിസ്റ്റ്‌ ബസ്സുകളെയും ഓവര്‍ടേക്ക് ചെയ്ത് എന്‍റെ സ്വതസിദ്ധമായ ഡ്രൈവിംഗ് സ്റ്റൈലില്‍ ഞാന്‍ സുഖമായി ഓടിച്ച് വരുമ്പോള്‍ വിശ്വപ്രസിദ്ധമായ വാളകത്തിന് അടുത്ത് വെച്ച് ഒരു പോലീസുകാരന്‍ എന്നോട് വണ്ടിയൊതുക്കാന്‍ കൈ കാട്ടി.

ഞാന്‍ സന്തോഷത്തോടെ വണ്ടി നിര്‍ത്തി.
ഞാന്‍ ആഗ്രഹിച്ച മുഹൂര്‍ത്തം. ഇതാ സമാഗതമായിരിക്കുന്നു.

കഴിഞ്ഞ ആഴ്ച ചങ്ങനാശ്ശേരി ആലപ്പുഴ റോഡില്‍ ഇത് പോലെ പോലീസ് കൈ കാണിച്ചു നിര്‍ത്തി. ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ പൊക്കോളാന്‍ കൈ കാട്ടി. അന്ന് മമമോഹം നടന്നില്ല. വല്ലാത്ത ചതിയായിപ്പോയി.

ഇത്തവണയെങ്കിലും കൈ കാണിച്ചത് വെറുതെയാവല്ലേ എന്ന് പ്രാര്‍ത്ഥിച്ച് കൊണ്ട് ഞാനിറങ്ങി.

ലൈസന്‍സ്‌ ഉണ്ട്, ആര്‍.സി. ബുക്ക്‌ ഉണ്ട്, ഇന്‍ഷുറന്‍സ് ഉണ്ട്. കൂടാതെ ഞാന്‍ സീറ്റ്‌ ബെല്‍റ്റില്‍ ബന്ധനസ്ഥനുമാണ്. ഹിയ്യട ഹിയ്യാ.. ഇന്ന് ഞാന്‍ കലക്കും.

ഞാന്‍ സുസ്മേരവദനനായി എസ്.ഐ യെ സമീപിച്ച് പേപ്പര്‍ നീട്ടി. "പെട്ടെന്ന് നോക്കീട്ട് ആളെ വിട്... പോയിട്ട് പണിയുണ്ട് " എന്ന മട്ടില്‍ നിന്നു.

എന്‍റെ ആത്മവിശ്വാസം കണ്ടാവാം, എസ്.ഐ പറഞ്ഞു "പേപ്പര്‍ ഒന്നും വേണ്ട സര്‍...!!!"

കേരളാ പോലീസിന്‍റെ ഒരു നിഗമന ശക്തിയേ. എന്നെ കണ്ടപ്പോഴേ മാന്യനാണെന്ന് അവര്‍ മനസ്സിലാക്കിയിരിക്കുന്നു.. "സര്‍" എന്നും വിളിച്ചു.

"അപ്പൊ ഓക്കേ" എന്ന് പറഞ്ഞ് സ്ലോമോഷനില്‍ തിരികെ രണ്ടടി വെച്ച എന്നെ പിന്തുടര്‍ന്ന് എസ്.ഐയുടെ ശബ്ദം വന്നു.
"അതേയ്, ഒരു മുന്നൂറ് രൂപ അടച്ചിട്ട് പോയാ മതി"

"എന്തൂട്ട് തേങ്ങയ്ക്കാടോ ഉവ്വേ തനിക്ക് മുന്നൂറ് കൂവ?" എന്ന ചോദ്യം മനസ്സിലും "എന്തിനാണ് സര്‍?‍" എന്ന ചോദ്യം വായിലുമായി എസ്.ഐ യെ തിരിഞ്ഞ് നോക്കിയ ഞാന്‍, ആ ജീപ്പിനുള്ളില്‍ പൂച്ച ചകിരി കടിച്ച് പിടിച്ച പോലെ മീശയുള്ള ഒരു പോലിസുകാരനെയും, അയാളുടെ അടുത്ത് ഒരു കറുത്ത കുന്ത്രാണ്ടത്തെയും, അതില്‍ ചുവന്ന നിറത്തില്‍ "87 km/h" എന്ന് തെളിഞ്ഞിരിക്കുകയും, ഒരു സെക്കന്റ്‌ കൊണ്ട് കണ്ടതിനാല്‍, "ഓവര്‍സ്പീഡ്‌" എന്ന് എസ്.ഐ പറയുന്നതിന് മുന്‍പ് തന്നെ ഞാന്‍ കാശെടുത്ത് നീട്ടി.

മുന്നൂറ് പോയെങ്കിലും ഞാന്‍ ആശ്വസിച്ചു.
"ആരടെ #%$#%$^ വായുഗുളിക വാങ്ങിക്കാനാടാ ^%$&*$*&$%^&%$, നീ പോകുന്നേ?" എന്ന് ചോദിച്ചില്ലല്ലോ..

രസീതും വാങ്ങി തിരികെ നടന്നപ്പോള്‍ കേരളാ പോലീസിന്‍റെ കരസ്പര്‍ശമേറ്റ് ശാപമോക്ഷം ലഭിക്കാന്‍ കാത്തിരുന്ന എന്‍റെ ലൈസന്‍സ്, അതിന്‍റെ ദുര്‍വിധിയെ ഓര്‍ത്ത് വിതുമ്പിയിട്ടുണ്ടാവാം...

വാല്‍കഷ്ണം: പോലീസ് കൈ കാണിച്ചത് വെറുതെയാവല്ലേ എന്ന്   പ്രാര്‍ത്ഥിച്ചത് വെറുതെയായില്ല.
 
/അജ്ഞാതന്‍/



Creative Commons License
http://hiddenflash.blogspot.com by Ajnaathan is licensed under a Creative Commons Attribution-NonCommercial-NoDerivs 3.0 Unported License.