Saturday, September 19, 2015

ഒളുങ്കാ പടി മകാ

അന്യനാട്ടില്‍ മലയാളീസ് തമ്മില്‍ പാര വെക്കുന്നതില്‍ അതിനിപുണര്‍ ആണെങ്കിലും, തൊട്ടയല്‍പക്കത്ത് കിടക്കുന്ന തമിഴന്മാര്‍ അപ്പടി അല്ലൈ.

അന്യനാട്ടില്‍ എത്തിയാൽ  പരമാവധി തമിഴ്സ്നേഹം അവര്‍ കാത്ത് സൂക്ഷിക്കും.
അന്ത മാതിരി ഒരു തമിഴ് സ്നേഹമാണ് ഇലക്ട്രോണിക്സ് H.O.D മാരിയണ്ണക്ക് വിദ്യാര്‍ത്ഥിയായ ശരവണന്‍ വേലയ്യയോട് തോന്നിയത്.

ശരവണന്‍റെ രീതികള്‍ കണ്ടാല്‍ എഞ്ചിനീയര്‍ ആകണമെന്ന് അവനോ വീട്ടുകാര്‍ക്കോ യാതൊരു നിര്‍ബന്ധവും ഇല്ലാത്ത പോലെയാണ്.
രാവിലെ ഒമ്പതര വരെ ഉറക്കം. വല്ലപ്പോഴും ക്ലാസ്സിൽ പോയാൽ അവിടെ  ചെന്ന് ഉറക്കം. ഇടയ്ക്ക് ക്ലാസ്സ്‌ കട്ട്‌ ചെയ്ത്  ഹോസ്റ്റലിൽ വന്ന് ഉറക്കം. ലാബില്‍ ചെന്നാൽ അവിടെയും ഉറക്കം.

നേരം വെളുത്തപ്പോ മുതല്‍ പൊരിവെയിലത്ത് പണിയെടുക്കുകയായിരുന്നു എന്ന ഭാവത്തോടെ ആണ് വൈകിട്ട് ഹോസ്റ്റലില്‍ എത്തുന്നത്.
വന്നാല്‍ മെസ്സിലെ അത്താഴമണി കേള്‍ക്കും വരെ ഉറക്കം, .
കഴിക്കാന്‍ ചെന്ന് ക്യൂവില്‍ നിൽക്കുന്ന സമയത്തും ഉറക്കം. വല്ലതും വാരിത്തിന്ന് തിരിച്ച് വന്നാലും ഉടൻ ഉറക്കം.

24x7 തൂങ്കല്‍.
തൂങ്കി തൂങ്കി ശരവണന്‍ ഒരു പേര് സമ്പാദിച്ചു - തൂങ്കരാജ്.

ശരവണനോട് ഒരിക്കല്‍ "എപ്പടി ഉങ്കളുക്ക് ഇന്ത മാതിരി എപ്പോവും തൂങ്ക മുടിയും?" എന്ന ചോദ്യത്തിന് ശരവണന്‍ ഒരു വലിയ കോട്ടുവായ ഇട്ട് കൊണ്ട് മറുപടി പറഞ്ഞു.

"നാനും അത് എപ്പോവും യോസിക്കും. ആനാ യോസിക്കുമ്പോത് എങ്കിരുന്തോ തൂക്കം താനേ വരും. നാൻ എന്ന പണ്ണ മുടിയും?"
എന്ന് പറഞ്ഞ് ശരവണന്‍ തലയിണയില്‍ മുഖം അമര്‍ത്തി വീണ്ടും തൂങ്കരാജ് ആയി.

ആദ്യ സെമസ്റ്ററിലെ ആദ്യ ഇന്റെര്‍ണല്‍ പരീക്ഷ കഴിഞ്ഞപ്പോ തന്നെ ശരവണന്‍ ആ കോളേജിന്‍റെ, പ്രത്യേകിച്ച് മാരിയണ്ണയുടെ കണ്ണിലുണ്ണിയായി.

മാരിയണ്ണ നേരിട്ടല്ലാതെ പല അധ്യാപകര്‍ വഴി ശരവണനെ മാറി മാറി ഉപദേശിച്ചു.
ശരവണന്‍ അതെല്ലാം "ഇതാര്‍ടെ അപ്പന്‍ ചത്ത കാര്യമാണ് ഇവര്‍ പറയുന്നത്?" എന്നാലോചിച്ച് തനിക്ക് നേരെ വന്ന ഉപദേശശരങ്ങളെ തരണം ചെയ്തു.

"പോയി നന്നായി പഠിക്ക്" എന്നര്‍ത്ഥം വരുന്ന "ഒളുങ്കാ പോയി പടി" എന്ന് ഉപദേശിച്ച് വെറുപ്പിച്ച ഒരു മാഷിനോട് "ഉങ്കള്‍ക്ക് വേറെ വേലയില്ലയാ...?" എന്ന് കൂടി ശരവണന്‍ ചോദിച്ചു എന്നറിഞ്ഞ മാരിയണ്ണ കേസില്‍ നേരിട്ട് ഇടപെടാന്‍ തീരുമാനിച്ചു.

ഒരു ദിവസം ഉച്ച കഴിഞ്ഞ് ലാബില്‍ ശരവണന്‍ എത്തിയിട്ടില്ല എന്നറിഞ്ഞ മാരിയണ്ണ അന്ന് വൈകിട്ട് ഹോസ്റ്റലില്‍ എത്തി ശരവണന്‍റെ മുറിയുടെ വാതിലില്‍ മുട്ടി. മറുപടിയില്ല.
പതുക്കെ തള്ളി നോക്കി.. വാതില്‍ പൂട്ടിയിട്ടില്ല.
അകത്ത് കനത്ത ഇരുട്ട്.

വാതില്‍ തുറന്ന് അകത്ത് കയറിയ മാരിയണ്ണ ലൈറ്റ് ഇട്ടു.
കട്ടിലിന്മേൽ കരിമ്പടത്തിനുള്ളില്‍ ചുരുണ്ട് കൂടി കൂര്‍ക്കം വലിച്ച് ജന്മസാഫല്യം തേടുന്ന ശരവണൻ  ആ ലൈറ്റ്  ഇടലിൽ അസ്വസ്ഥനായി.

മാരിയണ്ണ ശരവണനെ വിളിച്ചു. "തമ്പീ ശരവണാ"

ഇതേതാ കേട്ട വൃത്തികെട്ട ശബ്ദം എന്നറിയാന്‍ ശരവണന്‍ കരിമ്പടം കണ്ണ് വരെ മാത്രം താഴ്ത്തി നോക്കി.
മുന്നിലിരിക്കുന്ന ആളെ കണ്ട് ശരവണന്‍ ഏതോ മാറാരോഗിയെപ്പോലെ കഷ്ടപ്പെട്ട് എഴുന്നേറ്റ് "ഇതിയാന്‍ ഇതെന്നാത്തിനുള്ള പുറപ്പാടാ?" എന്ന് തമിഴില്‍ ഓര്‍ത്ത് ചാരി ഇരുന്നു.

തന്‍റെ മുന്നിലിരിക്കുന്ന ഉരുപ്പടിയെ വെറുതെ ഉപദേശിച്ചിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കിയ മാരിയണ്ണ, ശരവണനെ ഇന്‍സ്പയര്‍ ചെയ്യാന്‍ ബുക്കര്‍ ടി. വാഷിംഗ്‌ടണ്ണിന്‍റെയും അബ്ദുള്‍ കലാമിന്‍റെയുമൊക്കെ ജീവിതകഥകള്‍ പറഞ്ഞു കൊടുത്തു.

തങ്ങള്‍ക്ക് കിട്ടിയ പരിമിതമായ അവസരങ്ങളെ ഉപയോഗപ്പെടുത്തി എങ്ങനെ അവരൊക്കെ ഉയരങ്ങളിലെത്തി എന്ന് പറഞ്ഞു കൊടുക്കുമ്പോള്‍ ശരവണന്‍റെ കണ്ണില്‍ ഒരു തെളിച്ചം മാരിയണ്ണ ശ്രദ്ധിച്ചു.

ഏതായാലും ഒരു വഴിക്ക് ഇറങ്ങിയതല്ലേ... ഇതും കൂടി ഇരിക്കട്ടെ എന്ന് ചിന്തിച്ച് മാരിയണ്ണ മഹാന്മാരുടെ കഥകളുടെ കൂടെ സ്വന്തം ജീവിതകഥ കൂടി പൊടിപ്പും തൊങ്ങലും വെച്ച് അടിച്ചിറക്കി നിര്‍വൃതി പൂണ്ടു.

ഒടുവില്‍ എല്ലാം പറഞ്ഞ് കഴിഞ്ഞ് മാരിയണ്ണ ശരവണനെ "അവങ്ക മാതിരി ആകറുതുക്ക് ഒളുങ്കാ പടി മകാ... ഒളുങ്കാ പടി" എന്ന് ഉപദേശിച്ചു.
എന്ത് സഹായവും എപ്പോ വേണമെങ്കിലും ചോദിച്ചോളൂ  എന്ന  ഓഫറും  കൊടുത്തു.

ശരവണന്‍ എല്ലാം ഇരുന്ന ഇരുപ്പില്‍ തല കുലുക്കി സമ്മതിച്ചു.

തന്‍റെ ഉദ്ദേശം ഏകദേശം സാധിച്ച സന്തോഷത്തില്‍ മാരിയണ്ണ പുറത്തേക്ക് ഇറങ്ങവേ ശരവണന്‍ പിന്നില്‍ നിന്ന് വിളിച്ചു.
"സര്‍, ഒരു ചിന്ന ഉദൈവി സെയ് വീങ്കളാ..?"

മാരിയണ്ണ നിറഞ്ഞ സന്തോഷത്തോടെ ചോദിച്ചു "എന്ന വേണമെന്നാലും സൊല്ലുങ്കോ"

"സര്‍, നീങ്ക പോകുമ്പോത് അന്ത ലൈറ്റ് ഓഫ് പണ്ണി പോവീങ്കളാ???" എന്ന് മുറിയിലെ ലൈറ്റിനെ ചൂണ്ടി പറഞ്ഞിട്ട് അതിന്  മറുപടി കാക്കാതെ ശരവണന്‍ വീണ്ടും തന്‍റെ ജന്മലക്ഷ്യം തേടി കരിമ്പടത്തിനുള്ളില്‍
മറഞ്ഞു.

താനിത്രയും നേരം വെള്ളം കോരാനായി പിടിച്ച് വലിച്ച് കൊണ്ടിരുന്ന കയറിന്‍റെ അറ്റത്ത്‌ ഓട്ടത്തൊട്ടി  പോയിട്ട്, തൊട്ടി  പോലും ഇല്ലായിരുന്നു എന്ന് മനസ്സിലാക്കിയ മാരിയണ്ണ പുതുതലമുറയുടെ ലക്ഷ്യബോധമില്ലായ്മയെ പഴിച്ച് കൊണ്ട് മറ്റൊരു തമിഴ് മകൻ കൂടി നശിച്ച് പോകുന്ന ദുഃഖം നെഞ്ചിലേറ്റി ഇരുണ്ട ഇടനാഴി കടന്ന് ഹോസ്റ്റെലിന് വെളിയിലെ ഇരുട്ടില്‍ മറഞ്ഞു.

 താനും തന്‍റെ വരും തലമുറയും എത്ര വിചാരിച്ചാല്‍ പോലും നശിപ്പിച്ച് കളയാന്‍ പറ്റാത്തത്ര ഭൂസ്വത്തിനും, പൊന്നിനും പണത്തിനും ഉടമയാണെങ്കിലും വെറുതെ ഒരു ടൈം പാസിന് മാത്രം നാല് കൊല്ലം നാട് വിട്ട് വേറെവിടെയെങ്കിലും പോയി എന്തെങ്കിലും ചെയ്യാം എന്ന് ഓര്‍ത്ത്‌ എഞ്ചിനീയറിംഗ് എങ്കിൽ എഞ്ചിനീയറിംഗ് എന്ന് പറഞ്ഞ് കോളേജില്‍ വന്ന് ഉറങ്ങി സുഖം കണ്ടെത്തുന്ന ശരവണൻ എല്ലാം മറന്ന് ഉറക്കം തുടർന്നു.

/അജ്ഞാതന്‍/

Friday, September 18, 2015

അഹിംസ

ഞാന്‍ അടങ്ങുന്ന അതിബുദ്ധിമാന്മാരായ പത്ത് ടെക്കികള്‍ ഒരുമിച്ച് താമസിക്കുന്ന കഴക്കൂട്ടത്തെ ഒരു കൊച്ച് രണ്ട് നില കെട്ടിടം.

കൂട്ടത്തില്‍ ഏറ്റവും കേമന്‍ ആയ മഞ്ജിത്ത് (യഥാര്‍ത്ഥ പേരല്ല) ആണ് ഞങ്ങളുടെ വീട്ടിലെ സുരാജ് വെഞ്ഞാറമ്മൂട്.

മഞ്ജിത്ത് ഇല്ലാത്ത ഒരു തമാശയും അവിടെ ജനിച്ചിട്ടില്ല.
മൂപ്പരെപ്പറ്റി ഞങ്ങൾ പറയുന്ന തമാശക്കഥകള്‍ എണ്ണിയാല്‍ ഒടുങ്ങാത്തത്ര ഉണ്ടെന്ന് അറിയാമെങ്കിലും, തനിക്ക് പറ്റിയ പഴയ അബദ്ധങ്ങള്‍ കൂടി ഓർമ്മിച്ചെടുത്ത് പറഞ്ഞ് തന്ന് സ്വന്തം ലിസ്റ്റ് വലുതാക്കുന്ന ഒരപൂർവ്വ വ്യക്തിത്വത്തിന് ഉടമയാണ് മഞ്ജിത്ത്.

പ്രകൃതിക്ക് വരെ മഞ്ജിത്ത് പ്രിയപ്പെട്ടവന്‍ ആണ്.
അതുകൊണ്ടാവും ബൈക്കില്‍ പോവുമ്പോള്‍ മന്‍ജിത്തിന്റെ തലയില്‍ മച്ചിങ്ങ(വെള്ളയ്ക്ക) വീണത്‌.

ബൈക്കില്‍ യാത്ര ചെയ്തപ്പോള്‍ തലയില്‍ മച്ചിങ്ങ വീണ് തന്‍റെ മുന്നില്‍ വന്ന ലോകത്തെ ഒരേയൊരു പേഷ്യന്റിനെ കണ്ട് അന്ന് ഡോക്ടര്‍ പോലും അല്‍പനേരം ചികിത്സിക്കാന്‍ മറന്ന് "മച്ചിങ്ങക്ക് വീഴാന്‍ വേറെ എവിടെയെല്ലാം സ്ഥലങ്ങള്‍ ഉണ്ട്?" എന്ന് പറഞ്ഞ് ചിരിച്ചു

എന്നും കുളിക്കും മുന്‍പ് മഞ്ജിത്ത് വെളിച്ചെണ്ണ തേച്ച് പിടിപ്പിച്ച് പലവിധ വ്യായാമമുറകള്‍ പരിശീലിക്കും.
മറ്റുള്ളവര്‍ കണ്ട് പിടിച്ച പഴഞ്ചന്‍ മുറകള്‍ക്കൊപ്പം മൂപ്പര്‍ സ്വന്തമായി കണ്ടെത്തിയ ഐറ്റംസും ഉണ്ടാവും പരിപാടിയില്‍.

അക്കൂട്ടത്തില്‍ സുപ്രധാനമായ ഒരു മുറ ഉണ്ട്.
ആദ്യം നിലത്ത് മലര്‍ന്ന് കിടക്കും. എന്നിട്ട് കയ്യും കാലും മാത്രം നിലത്ത് കുത്തിയ ശേഷം ബാക്കി വരുന്ന കൃഷ്ണന്‍കുട്ടി നായരുടെ പോലെയുള്ള ശരീരം മുകളിലേക്ക് ഉയര്‍ത്തും. കണ്ടാല്‍ "റ" പോലെ തോന്നിക്കുന്ന പൊസിഷന്‍.

"മഞ്ജിത്തേ, ഇതേത് ഭാഗത്തിനുള്ളതാ?" എന്ന് ചോദിച്ച ശ്രീജിത്തിനോട് മഞ്ജിത്ത് ആ നില്‍പില്‍ തന്നെ ഞരങ്ങിക്കൊണ്ട്
മറുപടി പറഞ്ഞു "ബുദ്ധി വളരാന്‍...!!!"

അത് കേട്ട പാതി "ബുദ്ധി വളരാനും എക്സര്‍സൈസ് ഉണ്ടോ? എങ്കില്‍ ഞാനും ഉണ്ട്. മറ്റന്നാള്‍ ഒരു ഇന്റര്‍വ്യൂ ഉള്ളതാ" എന്ന് പറഞ്ഞ് ശ്രീജിത്ത്‌, ഷര്‍ട്ട്‌ ഊരി വെച്ച് മന്ജിത്തിനൊപ്പം കൂടി.
അങ്ങനെ വീട്ടില്‍ ബുദ്ധിവളര്‍ച്ചാവ്യായാമികള്‍ രണ്ടായി.

കടുത്ത ഭക്തന്‍ ആണ് മഞ്ജിത്ത്.
കുളി കഴിഞ്ഞ് ഹനുമാന്‍, ഗണപതി, ശിവന്‍, അയ്യപ്പന്‍, വിഷ്ണു, സൂര്യഭഗവാന്‍, ചന്ദ്രഭഗവാന്‍ എന്ന്  വേണ്ട ചന്ദ്രയാനെയും മംഗള്‍യാനെയും വരെ എല്ലാ ദിവസവും വിളിച്ച് പ്രാര്‍ത്ഥിക്കും.

അകൊല്ലത്തെ മണ്ഡലകാലം വരവായി.
മഞ്ജിത്ത് മാലയിട്ടു. തീവ്രമായ ഭക്തി.
എല്ലാത്തിലും സസ്യം സസ്യേന ശാന്തി.
ദേഹത്ത് വന്നിരിക്കുന്ന കൊതുകിനെ പോലും കൊല്ലില്ല. അത്ര കഠിന വ്രതം.

ഒരു ദിവസം രാത്രി മഞ്ജിത്ത് സ്വാമിയുടെ കരച്ചില്‍ കേട്ട് എല്ലാരും ഉറക്കത്തില്‍ നിന്നുണര്‍ന്നു.
ഞാന്‍ ഓടിച്ചെന്ന് നോക്കി.
"എന്നെ എന്തോ കടിച്ചു, എന്നെ എന്തോ കടിച്ചു" മഞ്ജിത്ത് ടെന്‍ഷന്‍ അടിച്ചു വിയര്‍ക്കുന്നു.

മഞ്ജിത്തും ആ മുറിയില്‍ താമസിക്കുന്ന കൃഷ്ണനും പ്രവീണും ചൂല് കൈ കൊണ്ട് തൊടാത്തവന്മാരാണ്. അവന്മാരുടെ കട്ടിലിനടിയില്‍ മൃഗശാലയില്‍ പോലും ഇല്ലാത്ത ഇനങ്ങള്‍ വരെ കാണും. കട്ടിലിനടിയില്‍ നോക്കാന്‍ എല്ലാര്‍ക്കും ഒരു വൈക്ലബ്യം.

"മന്‍‌ജിത്തേ, പാമ്പ് വല്ലതും ആണോടാ?" ഞാന്‍ ചോദിച്ചു.
"അതാടാ എന്റേം പേടി" മഞ്ജിത്ത് കരച്ചിലിന്‍റെ വക്കോളം എത്തി.

"ശോ കഷ്ടം... നാളെ അല്ലേലും അവധിയാ... നിനക്ക് വല്ലതും പറ്റിയാല്‍ അവധി കിട്ടത്തില്ലല്ലോടാ" എന്ന് കൃഷ്ണന്‍.

മഞ്ജിത്തിന് പൊട്ടിത്തെറിച്ചു "നിര്‍ത്തടാ നിന്‍റെ കോമഡി. ഒരു മനുഷ്യന്‍ കടലിനും കരയ്ക്കുമിടയില്‍ പെട്ട പോലെ കിടക്കുമ്പോള്‍ ആണോടാ നിന്‍റെയൊക്കെ വളിപ്പടി...???"

മഞ്ജിത്ത് വളരെ സീരിയസായി ഒരു കോമഡി കൂടി  കോമഡി പറയരുത് എന്ന മുന്നറിയിപ്പോടെ പറഞ്ഞിരിക്കുന്നു.
"കരയ്ക്കും കടലിനും ഇടയില്‍ പെട്ട പോലെ" പോലും. അതെന്ത് അവസ്ഥ???

"അല്ല മഞ്ജിത്തേ... അത് ചെകുത്താനും കടലിനും നടുവില്‍ എന്നല്ലേ???" പ്രവീണ്‍ സംശയം പ്രകടിപ്പിച്ചു.
"അതാണോടാ ഇപ്പൊ ഇമ്പോര്‍ട്ടന്റ്????...എന്നെ കടിച്ചത് എന്താണെന്ന് കണ്ട് പിടിക്കെടാ"

രണ്ടും കല്‍പ്പിച്ച് ഞങ്ങള്‍ കട്ടിലിനടിയില്‍ നോക്കി...  കഥാനായകനെ കണ്ടെത്തി... ഒരു കുഞ്ഞെലി.

എലി ആണെന്ന് കണ്ടതോടെ മഞ്ജിത്ത് ധീരനായി. "കൊല്ലെടാ അവനെ" മഞ്ജിത്ത് ആക്രോശിച്ചു.

നട്ടപ്പാതിരക്ക് എലിയെ ഓടിച്ചിട്ട്‌ തല്ലിക്കൊല്ലുന്നതില്‍ പ്രത്യേകിച്ച് ത്രില്‍ ഒന്നും ഇല്ലാത്തത് കൊണ്ട് ഞങ്ങള്‍ വലിയ താല്പര്യം കാണിച്ചില്ല.

ആരും സഹായിക്കുന്നില്ല എന്ന് കണ്ട് മഞ്ജിത്ത് അന്ന് രാത്രിയിലത്തെ അവസാനത്തെ സീരിയസ് കോമഡിയും പറഞ്ഞു നിർത്തി .
"നിങ്ങളാരും സഹായിച്ചില്ലെങ്കില്‍ എനിക്കെന്‍റെ അഹിംസ പുറത്തെടുക്കേണ്ടി വരും."

ഞങ്ങള്‍ക്കാര്‍ക്കും ഒന്നും മനസ്സിലായില്ല. എല്ലാരും അന്യോന്യം നോക്കി.
മഞ്ജിത്ത് വിശദീകരിച്ചു.

"ഞാന്‍ മാലയിട്ട് പോയി. അല്ലെങ്കില്‍ ഞാന്‍ എന്‍റെ അഹിംസ പുറത്തെടുത്ത് ഇപ്പോത്തന്നെ എലിയെ തല്ലിക്കൊന്നേനെ എന്ന്....!!! മനസ്സിലായോ???"

എല്ലാര്‍ക്കും എല്ലാം മനസ്സിലായി.

കൃഷ്ണന്‍ ഒരു നിമിഷം മുകളിലേക്ക് നോക്കി "മഹാത്മജീ പൊറുക്കണേ" എന്ന് പറഞ്ഞ് പുതച്ച് കിടന്നു.

"ഇതിലും ഭേദം ഇവനെ പാമ്പ് കടിക്കുകയായിരുന്നു" എന്ന് പറഞ്ഞ് പ്രവീണും കിടന്നു. ഞാനും തിരികെ വന്ന് കിടന്നു.

വാൽകഷ്ണം: "അഹിംസ"യുടെ പുതിയ വ്യാഖ്യാനം കേട്ടിട്ടാണോ എന്തോ.. എലിവര്‍ഗ്ഗത്തില്‍ ആണായിട്ടും പെണ്ണായിട്ടും പിറന്ന ഒരൊറ്റ എണ്ണവും  ആ വീട്ടില്‍ പിന്നെ കേറിയിട്ടില്ല.

/അജ്ഞാതൻ /